ബീഹാറിൽ നിർമ്മാണത്തിലിരുന്ന അഗുവനി-സുൽത്താൻഗഞ്ച് പാലം തകർന്നത് വലിയ വിവാദമായിരുന്നു. രണ്ടാം തവണയാണ് ഗംഗാനദിക്ക് കുറുകെ നിർമ്മിക്കുന്ന ഈ പാലം ജൂൺ നാലിന് തകരുന്നത്. പാലം തകർന്നു വീഴുന്നതിൻ്റെ തത്സമയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തദ്ദേശവാസികൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഈ പാലത്തിൻ്റെ തറക്കല്ലിട്ടത് മോദിയാണെന്നാണ് കോൺഗ്രസ് സൈബർ ടീം ഉൾപ്പെടെ ഉള്ള പ്രതിപക്ഷ പാർട്ടികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
ഭഗൽപുരിലെ സുൽത്താൻഗഞ്ചിനെയും ഖാഗരിയയിലെ അഗുവനിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് രണ്ടാം വട്ടവും 2023 ജൂൺ നാലിന് തകർന്നു വീണത്. 1,717 കോടി രൂപയുടേതാണ് പദ്ധതി. 9,10, 11 പില്ലറുകൾക്കൊപ്പം മുപ്പതോളം സ്ലാബുകളും ഗംഗാനദിയിൽ പതിച്ചു. പാലം തകർന്നതുമായി ബന്ധപ്പെട്ട വാർത്തകളിൽ എല്ലാം തന്നെ നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത് എന്നാണ് നൽകിയിട്ടുള്ളത്. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ബിഹാർ രാജ്യ പുൽ നിർമാൺ നിഗം ലിമിറ്റഡിനാണ് ( BRPNNL) നാലുവരിപ്പാതയുടെ ചുമതലയുള്ളത്.
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് പി സിംഗ്ല എന്ന കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണകരാർ. 2015 ൽ നിർമ്മാണമാരംഭിച്ച പദ്ധതിയുടെ പൂർത്തീകരണം വിവിധ കാരണങ്ങളാൽ നീളുകയായിരുന്നു. പാലത്തിൻ്റെ ശിലാഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരവും 2015 മാർച്ച് ഒൻപതിന് മുഖ്യമന്ത്രി നിതീഷ് കുമാറാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത് മറ്റ് രണ്ട് പാലങ്ങൾക്കാണ്. കോസി നദിക്ക് കുറുകെ വീർപുർ-ബിഹ്പുർ പാലത്തിനും വിക്രംശില പാലത്തിന് സമാന്തരമായി ഗംഗാ നദിക്ക് കുറുകെയുള്ള പാലത്തിനും 2020 സെപ്റ്റംബർ 21ന് ആണ് വീഡിയോ കോൺഫറൻസ് വഴി മോദി തറക്കല്ലിട്ടത്.
അഗുവനി-സുൽത്താൻഗഞ്ച് പാലം പൂർണ്ണമായും സംസ്ഥാന പദ്ധതിയാണ്. അന്ന് ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പാലം നിർമ്മാണത്തിന് കരാർ ലഭിച്ചിട്ടുള്ള എസ് പി സിംഗ്ല എന്ന കൺസ്ട്രക്ഷൻ കമ്പനി ഒട്ടേറെ സർക്കാർ പദ്ധതികൾ ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. ബിഹാറിൽ തന്നെ നാഷണൽ ഹൈവേ അതോറിറ്റിയുടെ പദ്ധതികളുടെ കരാർ ഈ കമ്പനിക്കുണ്ട്.
Post Your Comments