തൃശൂർ: പോക്‌സോ കേസിൽ അറുപതുകാരന് അത്യപൂർവ ശിക്ഷ വിധിച്ച് കോടതി. ബലാൽസംഗ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മറ്റൊരു ബലാത്സംഗ കേസിൽ അഞ്ച് ജീവപര്യന്ത്യമാണ് കോടതി വിധിച്ചത്. ഒപ്പം 5.25 ലക്ഷം രൂപ പിഴയും അടയ്ക്കണം. ഒരു കേസിൽ അഞ്ച് ജീവപര്യന്തം എന്നത് അപൂർവ്വമാണ്. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസികക്ഷമത കുറവുള്ള 15 കാരിയെ പലവട്ടം ക്രൂരമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പെൺകുട്ടിയെ ഇവരുടെ വീടിന്റെ പുറകിലുള്ള കുളിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇത് പലതവണ ആവർത്തിച്ചു. പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരിയ്ക്കും പെറോട്ടയിലും കറിയിലും ഉറക്കഗുളിക നൽകി മയക്കിയ ശേഷമായിഉർന്നു പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് പോന്നിരുന്നത്. പെൺകുട്ടിയുടെ അമ്മാമ്മ മരിച്ചതിനോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് വിവരം പുറത്തറിയുകയായിരുന്നു. കുട്ടി തന്നെയാണ് വിവരം ബന്ധുക്കളോട് പറഞ്ഞത്.
തുടർന്ന് ബന്ധുക്കൾ കുന്നംകുളം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളം സബ് ഇൻപെക്ടറായിരുന്ന യു കെ ഷാജഹാന്‍റെ നിർദ്ദേശപ്രകാരം വനിത സിവിൽ പൊലീസ് ഓഫീസർ ഉഷ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തു. ഈ പെൺകുട്ടിയുടെ മറ്റൊരു സഹോദരിയെ ഇയാൾ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലിൽ കഴിയുകയാണ് അജിതൻ. ഇതിനിടെയാണ് അഞ്ച് ജീവപര്യന്തം കൂടി കോടതി വിധിച്ചത്.
Post Your Comments