
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍. ‘വിശ്വാസികളെ മതഭ്രാന്തരാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആചാരലംഘനത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായി. ആചാരലംഘനം നടത്തിയ യുവതികള്‍ക്ക് വിഐപി പരിഗണന ലഭിച്ചു’, എ ഹേമചന്ദ്രന്‍ വെളിപ്പെടുത്തി.
Read Also: ബൈക്കിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ വെട്ടി പരിക്കേൽപിച്ചു: ഒരാൾ പിടിയിൽ
തന്റെ ആത്മകഥയായ ‘നീതി എവിടെ’ എന്ന സര്‍വീസ് സ്റ്റോറിയിലാണ് വെളിപ്പെടുത്തല്‍. ഭക്തരെ നിലയ്ക്കലില്‍ തല്ലിച്ചതച്ച് പോലീസ് യുവതികള്‍ക്ക് പമ്പ വരെ വഴിയൊരുക്കിയെന്നും ഭക്തരെ തടഞ്ഞപ്പോള്‍ പമ്പ വരെ യുവതികളെ എത്തിക്കാന്‍ പോലീസ് ഒത്താശ നല്‍കിയതായും ആത്മകഥയില്‍ ചൂണ്ടിക്കാണിക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള മനീതി സംഘം ഉള്‍പ്പെടെയുള്ള യുവതികള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നെന്നും മുന്‍ ഡിജിപി തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പോലീസ് സേനയിലും അന്നത്തെ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും പുസ്തകത്തില്‍ പറയുന്നു. ഹൈക്കോടതി നീരീക്ഷക സമിതിയെ പോലും സുരക്ഷ ഭീതിയോടെയാണ് സര്‍ക്കാര്‍ കണ്ടതെന്നും പുസ്തകത്തില്‍ പറയുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അംഗമായിരുന്നു എ ഹേമചന്ദ്രന്‍. പ്രത്യേക താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ആചാര ലംഘനം നടത്തിയതെന്നും ആത്മകഥയില്‍ പറയുന്നു.
‘മനീതി സംഘത്തെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പോലീസ് ഒത്താശ നല്‍കി. പോലീസ് നടത്തിയ ഇടപെടല്‍ സന്നിധാനത്തെ സാഹചര്യം കൂടുതല്‍ വഷളാക്കി. മനീതി സംഘത്തിനായി പോലീസ് ഒരുക്കിയ സുരക്ഷ ദര്‍ശനത്തിനെത്തിയ ഭക്തരെ ബുദ്ധിമുട്ടിച്ചു. മലകയറാന്‍ എത്തുന്ന മനീതി സംഘത്തിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്നായിരുന്നു പോലീസ് നിലപാട്. എന്നാല്‍ ഇതിനോട് തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. അത് അപ്പോള്‍ തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിക്കുകയും ചെയ്തു. ഭക്തര്‍ക്ക് ഒരുക്കുന്ന സംരക്ഷണത്തില്‍ കൂടുതലൊന്നും മനീതി സംഘത്തിന് നല്‍കേണ്ടന്നായിരുന്നു എന്റെ നിലപാട്. എന്നാല്‍ അത് കോടതിയലക്ഷ്യമാകുമെന്നായിരുന്നു മറുപടി. മനീതി സംഘത്തിനായി വന്‍ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. യുവതികളെ തടയാനായി നിന്ന ഭക്തരെ നേരിടാന്‍ ഒളിപ്പോരാളികളോട് ഏറ്റുമുട്ടാന്‍ തക്ക ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. ഇത് ഭക്തരെ കൂടുതല്‍ പ്രകോപിതരാക്കി. സന്നിധാനത്തെ സ്ഥിതി കൂടുതല്‍ വഷളായതോടെയാണ് നിരീക്ഷണ സമിതി ഇടപെട്ടത്’.
‘ശബരിമലയില്‍ പോലീസ് സ്വീകരിക്കുന്ന നിലപാടിനോട് തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. എന്നാല്‍ പോലീസില്‍ നിന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് മറിച്ചായതിനാല്‍ തന്റെ നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചില്ല. വലിയ വീഴ്ചയാണ് യുവതി പ്രവേശന വിഷയത്തില്‍ പോലീസിനുണ്ടായത്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശ്വാസികളെ മത ഭ്രാന്തന്മാരായിട്ടാണ് വിശേഷിപ്പിച്ചത്’,തന്റെ ആത്മകഥയില്‍ ഹേമചന്ദ്രന്‍ പറയുന്നു.
Post Your Comments