തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സർവ്വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവിട്ടു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.
Read Also: വ്യാജ സർട്ടിഫിക്കറ്റ്: കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്
കോളേജ് പ്രിൻസിപ്പാൾ (സർവ്വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കിൽ വകുപ്പ് മേധാവി) ചെയർപേഴ്‌സണായാണ് സെൽ നിലവിൽ വരിക. പ്രിൻസിപ്പാൾ/ സർവ്വകലാശാലാ വകുപ്പ് മേധാവി ശുപാർശ ചെയ്യുന്ന രണ്ട് അധ്യാപകർ (അതിലൊരാൾ വനിത) സമിതിയിലുണ്ടാകും. കോളേജ് യൂണിയൻ /ഡിപ്പാർട്മെന്റൽ സ്റ്റുഡന്റസ് യൂണിയൻ ചെയർപേഴ്സൺ, വിദ്യാർത്ഥികളിൽ നിന്നും അവരാൽ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രതിനിധികൾ (ഒരാൾ വനിത), പ്രിൻസിപ്പാൾ/സർവ്വകലാശാലാ വകുപ്പുമേധാവി നാമനിർദ്ദേശം ചെയ്യുന്ന ഭിന്നശേഷിവിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥി, എസ്‌സി-എസ്‌ടി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥി എന്നിവരും സമിതിയിലുണ്ടാകും. പുറമെ, പിടിഎ പ്രതിനിധി, സർവ്വകലാശാലാ പ്രതിനിധിയായി സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന അധ്യാപകൻ/അദ്ധ്യാപിക എന്നിവരും ചേർന്നാണ് സെല്ലിന്റെ ഘടന.
വിദ്യാർത്ഥി പ്രതിനിധികൾക്കും പിടിഎ പ്രതിനിധിക്കും, നാമനിർദ്ദേശം ചെയ്യപ്പെടുന്ന അധ്യാപകർക്കും ഒരുവർഷവും, സർവ്വകലാശാലാ പ്രതിനിധികൾക്ക് രണ്ട് വർഷവുമായിരിക്കും അംഗത്വകാലാവധി. സർവ്വകലാശാലാ പ്രതിനിധികൾ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും.
വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോടൊപ്പം നടത്താനും ഉത്തരവിട്ടു. അടുത്ത പ്രതിനിധി വരുംവരെ അംഗങ്ങളായ വിദ്യാർത്ഥികൾ തുടരും.
ആവശ്യമായ ഘട്ടങ്ങളിൽ ചെയർപേഴ്സൺ യോഗം വിളിക്കും. ആറ് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാലും ചെയർപേഴ്സൺ യോഗം വിളിക്കണം. ഏഴംഗങ്ങളാണ് യോഗത്തിന്റെ ക്വാറം. ഭൂരിപക്ഷാടിസ്ഥാനത്തിൽ സെൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ ചെയർപേഴ്സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെൽ കൺവീനറെ സമിതിക്ക് തിരഞ്ഞെടുക്കാം.
സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് സർവ്വകലാശാലയെയും അറിയിക്കും. ലഭിക്കുന്ന പരാതിയും പരാതിയിൽ എടുക്കുന്ന തീരുമാനങ്ങളും സർവ്വകലാശാലയിൽ അറിയിക്കും. ഇതിനായി എല്ലാ സർവകലാശാലകളിലും ഒരു പ്രത്യേക ഓഫീസർക്ക് ചുമതല നൽകും.
Post Your Comments