തിരുവനന്തപുരം: റോഡ് ക്യാമറ വെച്ച് പ്രവര്‍ത്തനം തുടങ്ങി നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാനാകാതെ വട്ടം കറങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
ക്യാമറയിൽ പതിഞ്ഞ ചില ദൃശ്യങ്ങളിലും, അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്നങ്ങളുണ്ട്. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകൾ മാത്രമേ വ്യക്തമായി ക്യാമറയിൽ പതിയുന്നുള്ളൂ. പഴയ രീതിയിലെ നമ്പർ പ്ലേറ്റുകളിൽ ഒരു സ്ക്രൂവോ മറ്റോ ഉണ്ടെങ്കിൽ അത് പൂജ്യമായി ക്യാമറ വിലയിരുത്തും.
ദൃശ്യങ്ങൾ പരിശോധിച്ച് പരിവാഹൻ സൈറ്റിലേക്ക് മാറ്റി ഇ-ചെലാൻ അയക്കാൻ ശ്രമിക്കുമ്പോഴും പ്രശ്നമാണ്. സൈറ്റിൽ നിന്നും ഇ-ചെലാൻ ജനറേറ്റ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റില്ലാത്ത കുറ്റകൃത്യങ്ങൾക്കൊപ്പം അമിത വേഗത്തിനുള്ള കുറ്റവും വരുന്നു. അത് കൊണ്ട് കൃത്യമായി ഇ-ചെലാൻ ജനറേറ്റ് ചെയ്യുന്നതിൽ തടസ്സമുണ്ട്.
ഒരു ദിവസം പരമാവധി ഇരുപത്തി അയ്യായിരം വരെ നോട്ടീസുകൾ പുതിയ സംവിധാനം വഴി അയക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. ക്യാമറ കണ്ടെത്തിയ കുറ്റത്തിൽ അപാകതയുണ്ടെന്ന് സംശയമുള്ള കേസുകൾ ഒഴിവാക്കുകയാണ്. പരിവാഹനിലെ പ്രശ്നങ്ങൾ ഒരാഴ്ചക്കുള്ളിൽ പൂർണ്ണമായും പരിഹരിക്കുമെന്നാണ് എൻഐസി പറയുന്നത്.
ദിവസവും ക്യമറയിൽ പതിയുന്ന നിയമലംഘനങ്ങളുടെ കണക്കും കൃത്യമായി കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല.
അതുപോലെ, എല്ലാ നോ പാർക്കിംഗ് സ്ഥലങ്ങളിലും ബോർഡ് സ്ഥാപിച്ച ശേഷമേ ഇതിനുള്ള പിഴ ഈടാക്കി തുടങ്ങിയാൽ മതിയെന്നാണ് ഗതാഗത കമ്മീഷണറേറ്റിൽ നിന്നുള്ള നിർദ്ദേശം.
Post Your Comments