ഉത്തരേന്ത്യയിലെ ആദ്യത്തെ തിരുപ്പതി ബാലാജി ക്ഷേത്രം ജമ്മു കാശ്മീരിൽ ഭക്തർക്കായി തുറന്നു നൽകി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ചേർന്നാണ് ക്ഷേത്രം തുറന്നു നൽകിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു. ജനങ്ങൾക്ക് ആശംസ അറിയിച്ച് സംസാരിച്ച അദ്ദേഹം ഉടൻ തന്നെ ക്ഷേത്രസന്ദർശനം നടത്തുന്നതാണ്. സിദ്ധാദയിലെ മജിൻ ഗ്രാമത്തിലെ 62 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് വർഷം കൊണ്ട് 25 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്. മെയ് 6 മുതൽ ക്ഷേത്രത്തിൽ പ്രത്യേക ആരാധന ആരംഭിച്ചിരുന്നു. ജമ്മുവിൽ നിർമ്മിച്ച ഈ ക്ഷേത്രം ആന്ധ്രപ്രദേശിന് പുറത്തെ രാജ്യത്തെ ആറാമത്തെ ബാലാജി ക്ഷേത്രമാണ്.
എട്ട് അടി, ആറ് അടി ഉയരമുള്ള വെങ്കിടേശ്വര ഭഗവാന്റെ വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ സുപ്രധാന ശ്രീകോവിലിലാണ് 8 അടി ഉയരമുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത്. ശ്രീകോവിലിന് പുറത്താണ് 6 അടി ഉയരമുള്ള വിഗ്രഹം സ്ഥാപിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ നഗരത്തിൽ നിന്നും കൊണ്ടുവന്ന ഈ വിഗ്രഹങ്ങൾ കരിങ്കല്ലിലാണ് നിർമ്മിച്ചിട്ടുള്ളത്. ഏകദേശം 45 അധികം പണ്ഡിതന്മാർ നടത്തിയ പ്രത്യേക പൂജയ്ക്ക് ശേഷമാണ് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചത്. വേദപാഠശാല, ആത്മീയ ധ്യാനകേന്ദ്രം, റസിഡൻഷ്യൽ ക്വാർട്ടേഴ്സ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ക്ഷേത്ര പരിസരത്ത് ഉടൻ ആരംഭിക്കുന്നതാണ്.
Also Read: മഴക്കാല അപകടങ്ങൾ: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Post Your Comments