KeralaLatest NewsNews

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളം: വീണാ ജോർജ്

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചെറുവണ്ണൂർ-നല്ലളം കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് ചെലവഴിച്ചത്. സർക്കാർ മേഖലയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി കോഴിക്കോട് ആശുപത്രി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

Read Also: 12 വര്‍ഷത്തെ പതിവ് തെറ്റിക്കാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

മിതമായ നിരക്കിൽ സാധാരണക്കാരായ ആളുകൾക്ക് ചികിത്സ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ സംസ്ഥാനത്ത് 70 % ആളുകളും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ രോഗീസൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നതാണ് ആർദ്രം പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെ മാറ്റങ്ങൾക്ക് വിധേയമായ കാലഘട്ടമാണ് ഈ ഏഴ് വർഷമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ അബ്ദുറഹിമാൻ പാർക്ക് നവീകരണത്തിന് 1കോടി 48 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കൂടാതെ കുണ്ടായിത്തോട് കമ്മ്യൂണിറ്റ് ഹെൽത്ത് സെന്റർ നവീകരിക്കുന്നതിന് പതിനഞ്ചാമത് ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് 5 കോടി 50 ലക്ഷം രൂപയുടെ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. ഏതൊരു ട്രസ്റ്റിനും, സ്ഥാപനത്തിനും മാതൃകയാക്കാവുന്ന സാമൂഹിക പ്രതിബദ്ധത നിറഞ്ഞ പ്രവർത്തനമാണ് വി.കെ.സി ട്രസ്റ്റ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

1 കോടി 38 ലക്ഷംരൂപ ചെലവഴിച്ച് വി.കെ.സി. ചാരിറ്റബിൾ ഫൗണ്ടേഷൻ കൊളത്തറ കല്ലുവെട്ടുക്കുഴിക്ക് സമീപം സൗജന്യമായാണ് പുതിയ കെട്ടിടം നിർമിച്ചു നൽകിയത്. 5964 ചതുരശ്ര അടിയിലാണ് കെട്ടിടം പണിതത്. പരിശോധനമുറികൾ, നിരീക്ഷണമുറി, നഴ്‌സിങ് മുറി, ശൗചാലയം, ആധുനിക ലാബ്, ജീവിതശൈലീരോഗ ക്ലിനിക്, പ്രതിരോധകുത്തിവെപ്പ് കേന്ദ്രം, തുടങ്ങിയ നിരവധി വിഭാഗങ്ങൾ പുതിയ കെട്ടിടത്തിൽ ഉണ്ട്.

എം.കെ രാഘവൻ എം.പി, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.കെ.സി മമ്മദ് കോയ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ മെഡിക്കൽ ഓഫീസർ രാജാറാം കിഴക്കേകണ്ടിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി രാജൻ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ജയശ്രീ എസ് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ആരതി പി നന്ദിയും പറഞ്ഞു.

Read Also: ലാഭം കോച്ചിംഗ് സെന്ററുകൾക്ക് മാത്രം: എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ നിർത്തേണ്ട സമയമായെന്ന് മുരളി തുമ്മാരുക്കുടി

shortlink

Related Articles

Post Your Comments

Related Articles


Back to top button