തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി പ്രതിരോധിക്കാൻ സിപിഎം മന്ത്രിമാർ രംഗത്തിറങ്ങണമെന്ന മരുമകൻ മുഹമ്മദ് റിയാസിന്റെ പ്രസ്താവന സിപിഎമ്മും കുടുംബ പാർട്ടിയായി മാറിയെന്നതിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാവട്ടെ കുടുംബത്തിലുള്ള മറ്റൊരു അംഗമായ റിയാസും. കേരള ഭരണം പിണറായി വിജയന്റെ കുടുംബകാര്യമായി മാറി കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയം കേരളത്തിൽ പൂർണമായും അപ്രസക്തമായിരിക്കുകയാണ്. കോൺഗ്രസിനെയും മറ്റ് പ്രാദേശിക പാർട്ടികളെയും പോലെ സിപിഎമ്മും കുടുംബപാരമ്പര്യത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ ക്യാമറയും കെ-ഫോണും തട്ടിപ്പാണെന്ന് എല്ലാവർക്കും മനസിലായി കഴിഞ്ഞതായി സുരേന്ദ്രൻ പറഞ്ഞു. എഐ ക്യാമറയിലെ വിവാദ കമ്പനിയായ എസ്ആർഐടി തന്നെയാണ് കെ-ഫോണിന്റെയും പിന്നിലുള്ളത്. കെ-ഫോണിന്റെ ചൈനീസ് കേബിളുകൾ വാങ്ങിയതിന് പിന്നിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ട്. കേബിളിന്റെ ഗുണനിലവാരം ഉറപ്പുവരുത്താതെ കണക്ഷൻ കൊടുക്കുന്നത് ഉപഭോക്താക്കൾക്ക് ഗുണമല്ല ദോഷമാണുണ്ടാക്കുക. എത്രപേർക്ക് കണക്ഷൻ നൽകുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കാത്തത് പദ്ധതിയെ സംശയത്തിന്റെ ദൃഷ്ടിയിൽ നിർത്തുന്നത്. കെ-ഫോണിന്റെ ഉദ്ഘാടനത്തിന് വേണ്ടി കോടികളാണ് സർക്കാർ ധൂർത്തടിക്കുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടച്ചേർത്തു.
Post Your Comments