മണിപ്പൂർ കലാപത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ വിദഗ്ധ അന്വേഷണം നടത്താൻ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുളള അന്വേഷണ കമ്മീഷനാണ് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുന്നത്. അജയ് ലാംബയ്ക്ക് പുറമേ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു ശേഖർ ദാസ്, വിരമിച്ച ഐപിഎസ് ഓഫീസർ അലോഗ പ്രഭാകർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടാകും.
മെയ് 3 മുതലാണ് മണിപ്പൂരിൽ കലാപം ആരംഭിച്ചത്. സംസ്ഥാന സർക്കാർ നൽകുന്ന കണക്കുകൾ അനുസരിച്ച്, ഒരു മാസമായി തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 98 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ, 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള പ്രത്യേക സിബിഐ സംഘത്തിന്റെ അന്വേഷണം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി നിരീക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്.
Also Read: മഴക്കാലമെത്തും മുമ്പേ പകർച്ചപ്പനിയിൽ വിറങ്ങലിച്ച് കേരളം, ഈ വർഷം സ്ഥിരീകരിച്ചത് 58 എലിപ്പനി മരണം
അന്വേഷണ സംഘത്തോട് വേഗത്തിൽ തന്നെ കേന്ദ്രസർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അതേസമയം, നിശ്ചിത തീയതിക്ക് മുൻപ് കമ്മീഷന് കേന്ദ്രസർക്കാർ മുമ്പാകെ ഇടക്കാല റിപ്പോർട്ടുകൾ നൽകാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂർ സർക്കാരിന്റെ ശുപാർശ പ്രകാരമാണ് കേന്ദ്രസർക്കാർ കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്.
Post Your Comments