കമ്പം: അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണം. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്. തിങ്കളാഴ്ച പുലർച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്.
ദിവസങ്ങൾക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ നിരവധി വാഹനങ്ങൾ തകർത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാൾ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അതിനിടെ, അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്നാട് വനംവകുപ്പ് അധികൃതർ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ച വനംവകുപ്പ് അധികൃതർ ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി.
Post Your Comments