നിലമ്പൂർ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്തെടുക്കുന്നതായി വിവരം. സംഭവസ്ഥലത്ത് നിന്നും ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ചാലിയാര്‍ പുഴയുടെ മമ്പാട് ടൗണ്‍ കടവ് ഭാഗത്ത് വലിയ ഗര്‍ത്തകള്‍ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചാണ് സ്വര്‍ണ ഖനനം നടത്തിയത്. പുഴയില്‍ അപകടകരമായ കുഴികള്‍ ഉണ്ടാക്കുന്നതിനാല്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. സംഭവം വാർത്തയായതോടെ പ്രതികരണവുമായി മുരളി തുമ്മാരുകുടി രംഗത്ത്.
മെർക്കുറി ഉപയോഗിച്ചുള്ള സ്വർണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണെന്നും ഈ ജോലി ചെയ്യുന്നവർക്ക് ഏറെ രോഗങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അധികം ആയുസ്സ് ഉണ്ടാവുകയില്ലെന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു. ലാഭം കൂടുതൽ ഉണ്ടായിത്തുടങ്ങിയാൽ ക്രിമിനൽ സംഘങ്ങൾ ഇടപെടുമെന്നും പ്രദേശത്ത് അക്രമങ്ങൾ കൂടുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കൊളംബിയയിൽ സ്വർണ്ണം ഉണ്ടെന്ന് കണ്ടെത്തുന്ന പ്രദേശത്തുള്ളവരെ ഇത്തരം ഗ്യാങ്ങുകൾ പേടിപ്പിച്ച് സ്വന്തം വീടുകളിൽ നിന്നും ഓടിക്കുകയാണ് രീതിയെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, സ്വര്‍ണ്ണഖനനത്തിന് ഉപയോഗിക്കുന്ന അഞ്ച് എച്ച് പി യില്‍ കൂടുതല്‍ പവറുള്ള 9 മോട്ടോറുകളും കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ, മറ്റ് ഉപകരണങ്ങള്‍ എന്നിവയും സഥലത്ത് നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. ചാലിയാര്‍ പുഴയിലെ മണല്‍ അരിച്ചാല്‍ സ്വര്‍ണ്ണം കിട്ടാറുണ്ട്. ചെറിയ തോതില്‍ ഉപജീവനത്തിനായി ആളുകള്‍ മണല്‍ അരിച്ച് സ്വര്‍ണ്ണഖനനം നടത്തിയിരുന്നു. എന്നാല്‍ കുഴിയെടുത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ച് സ്വര്‍ണ ഖനനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്.
മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ചാലിയാറിലെ സ്വർണ്ണം: അവനവൻ കുഴിക്കുന്ന കുഴികൾ
ചാലിയാറിലെ പുഴയിൽ സ്വർണ്ണം ഖനനം ചെയ്യുന്നവരുടെ ജനറേറ്ററും പന്പുമെല്ലാം പോലീസ് കണ്ടെത്തി എന്ന വാർത്ത എന്നെ അല്പം അതിശയിപ്പിച്ചു. കുറച്ചു പേടിപ്പിക്കുകയും ചെയ്തു.
പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വർണ്ണത്തരികൾ മെർക്കുറിയിൽ ലയിപ്പിച്ച് മെർക്കുറി ബാഷ്പീകരിച്ച് സ്വർണ്ണം ശുദ്ധീകരിച്ച് വിൽക്കുന്ന പരിപാടി ഞാൻ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്.
രണ്ടു കാര്യങ്ങളാണ് ഇതിൽ കുഴപ്പമായിട്ടുള്ളത്.
ഒന്ന് മെർക്കുറി ഉപയോഗിച്ചുള്ള സ്വർണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവർക്ക് ഏറെ രോഗങ്ങൾ ഉണ്ടാകും, അധികം ആയുസ്സ് ഉണ്ടാവുകയുമില്ല.
ഈ പ്രസ്ഥാനം മിക്കയിടത്തും നിയമവിരുദ്ധമാണ്, അതുകൊണ്ട് തന്നെ ലാഭം കൂടുതൽ ഉണ്ടായിത്തുടങ്ങിയാൽ ക്രിമിനൽ സംഘങ്ങൾ ഇടപെടും, പ്രദേശത്ത് അക്രമങ്ങൾ കൂടും. കൊളംബിയയിൽ സ്വർണ്ണം ഉണ്ടെന്ന് കണ്ടെത്തുന്ന പ്രദേശത്തുള്ളവരെ ഇത്തരം ഗ്യാങ്ങുകൾ പേടിപ്പിച്ച് സ്വന്തം വീടുകളിൽ നിന്നും ഓടിക്കുകയാണ് രീതി !
കേരളത്തെ പറ്റിയുള്ള എൻറെ ഏറ്റവും വലിയ ഒരു പേടി നമ്മുടെ നാട്ടിലുള്ള ചെമ്മണ്ണിലുള്ള സ്വർണ്ണം ലാഭകരമായി വേർതിരിച്ചെടുക്കാൻ പറ്റുന്ന ഒരു സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെടുന്നതാണ്. സാധാരണ ഗതിയിൽ നമ്മുടെ മണ്ണിൽ രത്നമോ, സ്വർണ്ണമോ, എണ്ണയോ, ഗ്യാസോ കണ്ടുപിടിച്ചാൽ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷെ ലോകത്ത് ഏറെ മൂല്യമുള്ള വസ്തുക്കൾ ഖനനം ചെയ്‌തെടുക്കുന്ന മിക്കവാറും പ്രദേശങ്ങളിൽ താമസിച്ചിരുന്നവരുടെ ആരോഗ്യം, സ്വത്ത്, ജീവൻ, സ്വാതന്ത്ര്യം ഇതൊക്കെ പൊതുവെ കുറഞ്ഞുവരുന്നതായിട്ടാണ് പഠനങ്ങൾ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും നമ്മുടെ മണ്ണിൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്.
നിയമവിരുദ്ധമായി ഖനനം ചെയ്യുന്നവരെ വിരട്ടി ഓടിക്കുന്നത് കൂടാതെ മെർക്കുറി ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെ പറ്റി അല്പം ബോധവൽക്കരിക്കുന്നതും നന്നാകും.
Post Your Comments