ഭുവനേശ്വർ: സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിനാല് തങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന് ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മലയാളികൾ.
കൊൽക്കത്തയിൽ നിന്നും കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു അന്തിക്കാട് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു എന്നീ നാല് പേരും. ബാലസോറിൽ വെച്ച് അപകടമുണ്ടായി. രണ്ട് വട്ടം ട്രെയിൻ ഇടത്തേക്ക് മറിഞ്ഞുവെന്ന് പരിക്കേറ്റ അന്തിക്കാട് സ്വദേശി കിരൺ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
‘കോച്ചിൽ ഒപ്പം യാത്ര ചെയ്ത ആളുകളിൽ പലരും മരിച്ചു. നിൽക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമർജൻസി വാതിൽ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞങ്ങളിൽ ഒരാളുടെ പല്ല് പോയി. നടുവിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിന് ശേഷം ഒരു വീട്ടിൽ അഭയം തേടി. അതിന് ശേഷം ആശുപത്രിയിലെത്തി അഡ്മിറ്റായി’- രക്ഷപ്പെട്ട കിരൺ വ്യക്തമാക്കി.
അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, ലിജീഷ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. ഒരാളുടെ പല്ലുകൾ തകർന്നു, മറ്റൊരാൾക്ക് കൈയ്ക്കും പരിക്കുണ്ട്.
അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടുകാരുടെ സഹായത്തോടെ ഇവർ നാട്ടിലെ കരാറുകാരനുമായി ബന്ധപ്പെട്ടു. കൊൽക്കത്തയിൽ ഒരു ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് ടൈൽസ് ജോലികൾക്ക് പോയി മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന നാല് പേർ കുറച്ചുദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.
അതേസമയം, ട്രെയിനപകടത്തിൽ മരണം 233 ആയതായാണ് റിപ്പോര്‍ട്ട്. 900-ലേറെ പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.
Post Your Comments