കണ്ണൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ട്രെയിനിൽ തീവെപ്പ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീ പിടിച്ച സംഭവത്തിൽ അട്ടിമറിയെന്ന് സംശയം. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിനാണ് തീ പിടിച്ചത്. ട്രെയിനിന്റെ ഒരു ബോഗി പൂർണമായും കത്തി നശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരിക്കവെയാണ് സംഭവം. രാത്രി ഒന്നരയോടെയാണ് സംഭവം. ആരോ മനഃപൂർവ്വം ട്രെയിനിന് തീ ഇട്ടതാണെന്ന സംശയം ബലപ്പെടുന്നു.
കോച്ചിന്റെ ഭാഗത്തേക്ക് ഒരാൾ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്. ആർക്കും പരുക്കില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് റെയിൽവേ അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരാൾ ട്രെയിനിന് സമീപത്തേക്ക് കാനുമായി പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
തീ പിടിത്തമുണ്ടായത് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിന് തന്നെ എന്നതാണ് ദുരൂഹത വർധിക്കാൻ കാരണമായിരിക്കുന്നത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് തീ അണച്ചത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.
Post Your Comments