Latest NewsKeralaNews

കെ.എസ്.ആർ.ടി.സി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

തൊടുപുഴ: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. എറണാകുളം– തൊടുപുഴ ബസിലാണ് അതിക്രമം ഉണ്ടായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ബസ് തൊടുപുഴ സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ്. സമീപകാലത്തായി സമാനമായ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. പൊതുഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങളെല്ലാം.

അതേസമയം, ചെറുപുഴയിൽ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിയെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനു(45)വിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. മേയ് 28-ന് ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. ബസ് ചെറുപുഴ സ്റ്റാൻഡില്‍ നിര്‍ത്തി ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു ഇയാളുടെ പ്രവൃത്തി. ഒരു യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതിക്ക് എതിർ വശത്തുള്ള സീറ്റിൽ മാസ്‌ക് ധരിച്ചെത്തിയ ബിനു, നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു.

എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി ഫോണിൽ പകർത്തി. എന്നാൽ, യാത്രക്കാരി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അറിഞ്ഞിട്ടും ഇയാള്‍ നഗ്നത പ്രദര്‍ശനം തുടരുകയാണ് ചെയ്തത്. ബസിലെ ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ പെട്ടെന്ന് ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന്, യുവതി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തി. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button