കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിൻ്റെ (58) കൊലപാതകത്തിൽ തെളിവെടുപ്പ് തുടരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയ ലോഡ്ജ് മുറിയിൽ പ്രതികളുമായി പൊലീസെത്തി. ഫർഹാനയേയും ഷിബിലിയേയും പ്രത്യേകമായാണ് കൃത്യം നടന്ന മുറിയിലെത്തിച്ച് അന്വേഷണ സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. സിദ്ധിഖിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇരുവരും പൊലീസിനോട് വിവരിച്ചു.
പ്രതികളെ ലോഡ്ജ് ജീവനക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ മകളാണ് ഫർഹാന എന്നായിരുന്നു ലോഡ്ജ് ജീവനക്കാരോട് സിദ്ധിഖ് പറഞ്ഞിരുന്നത്. സിദ്ധിഖ് തന്നെയാണ് രണ്ട് മുറികൾ ബുക്ക് ചെയ്തതെന്നും അവർ പൊലീസിനോട് വെളിപ്പെടുത്തി. കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫർഹാനയായിരുന്നു എന്നാണ് വിവരം. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ധിഖിനോട് ഫർഹാന ആവശ്യപ്പെടുകയായിരുന്നു.
ഇവർ തമ്മിൽ നേരത്തെ ഇത്തരത്തിൽ ഹോട്ടലുകളിൽ സന്ധിച്ചിരുന്നോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. പലതവണ സിദ്ധിഖ് പറയാതെ പോയിട്ടുണ്ടെന്നും പിറ്റേന്നു മാത്രമേ മടങ്ങിയെത്തുമായിരുന്നുള്ളു എന്നും സിദ്ദിഖിൻ്റെ മകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ പുറത്തേക്കുള്ള യാത്രകളെല്ലാം ഫർഹാനയ്ക്കൊപ്പമായിരുന്നോ എന്ന സംശയമാണ് പൊലീസിനുള്ളത്. ഇക്കാര്യത്തിലും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
ഫർഹാനയുടെ പിതാവിൻ്റെ പരിചയക്കാരൻ കൂടിയായിരുന്നു സിദ്ധിഖ്. ഇരുവരും ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫർഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലെെംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. ഫർഹാന ഇത്തരത്തിൽ സിദ്ധിഖുമായി സംസാരിച്ചത് കാമുകൻകൂടിയായ ഷിബിലി(22)യുടെ നിർദേശപ്രകാരമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഈ അടുപ്പമാണ് ഹണിട്രാപ്പാക്കി മാറ്റിയത്. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടതെന്നാണ് മൊഴിയിലൂടെ വ്യക്തമാകുന്നത്. എന്നാൽ ഏതെങ്കിലും കാരണവശാൽ ഇക്കാര്യത്തിൽ തർക്കമുണ്ടാകുകയാണെങ്കിൽ സ്വയരക്ഷയ്ക്കായാണ് ഫർഹാന ചുറ്റിക കെെയിൽ കരുതിയിരുന്നത്.
ഫർഹാന ചോദിച്ചതു പ്രകാരം അഞ്ചുലക്ഷം രൂപ നൽകാൻ സിദ്ധിഖ് തയ്യാറായിരുന്നു. എന്നാൽ പണം നൽകുന്നതിനു മുൻപ് താനുമായി ഫർഹാന ലെെംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് സിദ്ധിഖ് ആവശ്യപ്പെട്ടു. ഈ തർക്കം മർദ്ദനത്തിലും ഒടുവിൽ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ഇതിനിടെ ഫർഹാനയും, ഷിബിലിയും ആശിഖും സ്ഥിരമായി എംഡിഎംഎ എന്ന രാസലഹരി ഉപയോഗിക്കുന്നവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗവും ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ച ഘടകമായി മാറിയെന്നാണ് പൊലീസ് പറയുന്നത്.
സിദ്ദിഖിനെ കൊല ചെയ്ത ശേഷം വസ്ത്രങ്ങളും ആയുധങ്ങളും പെരിന്തൽമണ്ണ ചിരട്ടാമലയിൽ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ചു. അന്നു പുലർച്ചെവരെ കാറിലിരുന്നു പ്രതികൾ എംഡിഎംഎ ഉപയോഗിക്കുകയായിരുന്നു. സിദ്ദിഖിൻ്റെ എടിഎം. കാർഡ് ഉപയോഗിച്ചു തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് മയക്കുമരുന്ന് വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി.
മെയ് 22നാണ് സിദ്ധിഖിനെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. വ്യാപാരിയുടെ എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചതാണ് പൊലീസിന് തുമ്പായത്. മാത്രമല്ല യുപിഎ വഴി ട്രാൻസാക്ഷനും നടത്തിയിരുന്നു. ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൃത്യം നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോടുനിന്നായതിനാൽ തന്നെ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡിവൈഎസ്︋പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അങ്ങനെ ചെയ്യാതെ മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട്ടെ ഡി കാസ ഹോട്ടലിൽ സിദ്ദിഖ് റൂമെടുത്ത കാര്യം അറിയുന്നത്. തുടർന്നു ഹോട്ടലിലെ സി.സി.ടിവി പരിശോധിച്ചു. തുടർന്നാണു പ്രതികൾ രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ പ്രതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. അവർ നാട്ടിലില്ലെന്നു മനസിലാക്കിയതോടെയാണു മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. പ്രതികൾ ചെന്നെെയിലുണ്ടെന്ന സൂചന ഫർഹാനയുടെ മൊെബെൽ ഫോൺ ലൊക്കേഷനിൽനിന്നു ലഭിച്ചു. ഒരുമണിക്കൂറിനുള്ളിൽതന്നെ ഇവർ ചെെന്നെ റെയിൽവേ സ്‌റ്റേഷനിലെത്തുകയും റെയിൽവേ പോലീസിൻ്റെ പിടിയിലാകുകയും ചെയ്തു.
Post Your Comments