മലപ്പുറം: മലപ്പുറം തിരൂരില്‍ മുടി നീട്ടി വളര്‍ത്തിയ ആണ്‍കുട്ടിക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നല്‍കിയില്ലെന്ന് പരാതി. തിരൂര്‍ എംഇടി സ്‌കൂളിന് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കുട്ടിയെ എല്‍കെജി ക്ലാസില്‍ ചേര്‍ക്കാന്‍ എത്തിച്ചതായിരുന്നു രക്ഷിതാക്കള്‍. എന്നാല്‍ കുട്ടി മുടി നീട്ടി വളര്‍ത്തിയിരിക്കുന്നത് ഉയര്‍ത്തിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ അധിക്ഷേപിച്ചെന്നും അഡ്മിഷന്‍ നല്‍കിയില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി.
സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുവന്ന കുട്ടിയോട് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് ചോദിച്ച് ആക്ഷേപിച്ചു എന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. കുട്ടി ആണ്‍കുട്ടിയാണെന്ന് പറഞ്ഞപ്പോള്‍ പിന്നെ എന്തിനാണ് മുടി നീട്ടി വളര്‍ത്തിയിരിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ ചോദിച്ചു. ഇങ്ങനെ മുടി വളര്‍ത്തിയ ആണ്‍കുട്ടിയ്ക്ക് ഇവിടെ പ്രവേശിക്കാനാകില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ മുടി നീട്ടിവളര്‍ത്തുന്നത് സ്‌കൂളിന്റെ നിയമങ്ങള്‍ക്ക് എതിരായതിനാലാണ് പ്രവേശനം നിഷേധിച്ചത് എന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അര്‍ബുദ ബാധിതര്‍ക്ക് ദാനം ചെയ്യുന്നതിന് വേണ്ടിയാണ് കുട്ടി മുടി നീട്ടിവളര്‍ത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന് സ്‌കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നത് കുട്ടിയ്ക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മറ്റ് കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകും എന്നതിനാലാണ് മുടി മുറിക്കാന്‍ ആവശ്യപ്പെട്ടത് എന്ന് സ്‌കൂള്‍ അധികൃതരും പറയുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Post Your Comments