Latest NewsIndia

ഹൗസ് സർജൻസി പൂര്‍ത്തിയാകാന്‍ 3 ദിവസം മാത്രം, ഡോക്ടർക്ക് ഡ്യൂട്ടിക്കിടെ കുത്തേറ്റു

ചെന്നൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ക്ക് കുത്തേറ്റു. തിങ്കളാഴ്ച രാത്രി ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനി ഡോക്ടറായ സൂര്യയാണ് ആക്രമിക്കപ്പെട്ടത്. കരള്‍ സംബന്ധിയായ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലാജി എന്നയാളാണ് ഡോക്ടറെ കുത്തിയത്.

കയ്യിലിട്ടിരുന്ന ഐ വി ലൈന്‍ മാറ്റണമെന്ന ആവശ്യം നിരാകരിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. ഐവി ലൈന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട നഴ്സുമാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാനും ശ്രമിച്ച ബാലാജിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ ഡോക്ടര്‍ക്ക് നേരെ തിരിയുന്നത്. സമീപത്തെ ടേബിളില്‍ ഉണ്ടായിരുന്ന കത്രിക എടുത്തായിരുന്നു ആക്രമണം. ഡോകടറുടെ കഴുത്തിനാണ് കുത്തേറ്റത്.

ബാലാജിയുടെ ബന്ധുക്കള്‍ ഇടപെട്ടാണ് ഇയാളെ പിടിച്ച് കെട്ടിയത്. ഹൌസ് സര്‍ജന്‍സി മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനിരിക്കെയാണ് ട്രെയിനി ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പൊലീസ് ബാലാജിയെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ക്കെതിരായ ആക്രമണം രൂക്ഷമായ പ്രതിഷേധനത്തിനാണ് തമിഴ്നാട്ടില്‍ വഴി തെളിച്ചിട്ടുള്ളത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊട്ടാരക്കരയിലുണ്ടായ സമാന സംഭവത്തില്‍ യുവ വനിതാഡോക്ടര്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് ട്രെയിനി ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. ഡ്യൂട്ടിയിലുള്ള ആശുപത്രി ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ജോലിക്കിടെ വനിതാ ഡോക്ടറെ ചികിത്സക്കെത്തിയ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button