ബെംഗളൂരു: കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് മുൻ സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കിയ തീരുമാനം മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍. കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതന്‍ കുമാരിക്ക് നൽകിയ താത്കാലിക നിയമനമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്നലെ റദ്ദാക്കിയത്. ഇതാണ് പിന്നീട് പിൻവലിച്ചത്. നിയമനം റദ്ദാക്കി ഒരു ദിവസത്തിന് ശേഷം വീണ്ടും നൂതൻ കുമാരിക്ക് ജോലി നല്‍കുന്നതായി സിദ്ധരാമയ്യ അറിയിച്ചു. മാനുഷിക കാരണങ്ങളിലാണ് ജോലി തിരികെ നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
പുതിയ സർക്കാർ വന്നതിന് ശേഷം, മുൻ സർക്കാർ നിയമിച്ച താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് സ്വാഭാവിക നടപടിയാണെന്ന് സിദ്ധരാമയ്യ ട്വീറ്റിൽ വ്യക്തമാക്കി. പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ മാത്രമല്ല, 150 ലധികം കരാർ തൊഴിലാളികളെ ഇതിനകം സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇതിൽ സർക്കാർ ഇടപെടലില്ല. എന്നാൽ നൂതൻ കുമാരിയുടേത് പ്രത്യേക കേസായി പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വീണ്ടും നിയമിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ മാറുമ്പോള്‍ മുന്‍കാല താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എംആര്‍ രവികുമാര്‍ പ്രതികരിച്ചിരുന്നു. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തിലാണ് നൂതൻ കുമാരി ജോലി ചെയ്തിരുന്നത്. 2022 സെപ്തംബര്‍ 29ന് നൂതന്‍ കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്. പിന്നീട് ഒക്ടോബര്‍ 13ന് ഇവരുടെ അഭ്യര്‍ത്ഥന പ്രകാരം മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments