പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയയുടെ നഷ്ടം വീണ്ടും ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23 കാലയളവിലെ നഷ്ടം 29,397.1 കോടി രൂപയായാണ് ഉയർന്നത്. 2021- 22 ൽ ഇത് 28,234.1 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ വർഷം നാലാം പാദത്തിൽ നേരിയ പ്രകടനം കാഴ്ചവെക്കാൻ കമ്പനിക്ക് സാധിച്ചിരുന്നു. നാലാം പാദ വരുമാനം 10,228.9 കോടി രൂപയിൽ നിന്നും 3 ശതമാനം വർദ്ധനവോടെ 10,506.5 കോടി രൂപയായാണ് വർദ്ധിച്ചത്. ഇക്കാലയളവിൽ ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം 124 രൂപയിൽ നിന്ന് 135 രൂപയായി വർദ്ധിച്ചത് വരുമാനം ഉയരാൻ സഹായിച്ചിട്ടുണ്ട്.
അടുത്തിടെ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നൽകാനുള്ള അഡ്ജസ്റ്റ് ഗ്രോസ റവന്യൂ ഫീസ് ഉൾപ്പെടെയുള്ള കുടിശികകൾ ഓഹരികളാക്കി സർക്കാർ മാറ്റിയിരുന്നു. ഇതിനെ തുടർന്ന് കമ്പനിയുടെ മൊത്തത്തിലുള്ള കടബാധ്യത കഴിഞ്ഞ വർഷം 2.22 ലക്ഷം കോടി രൂപയിൽ നിന്ന് 2.09 ലക്ഷം കോടി രൂപയായി കുറഞ്ഞു. നിലവിൽ, വോഡഫോൺ- ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമ കേന്ദ്രസർക്കാരാണ്. 33.1 ശതമാനം ഓഹരികളാണ് വോഡഫോൺ- ഐഡിയയിൽ കേന്ദ്രത്തിന് ഉള്ളത്. അതേസമയം, ബ്രിട്ടനിലെ വോഡഫോണിന്റെ വിഹിതം 31 ശതമാനമാണ്. അടുത്തിടെ ഇന്ത്യൻ വിഭാഗമായ വോഡഫോൺ- ഐഡിയയിലെ നിക്ഷേപങ്ങൾ ബ്രിട്ടനിലെ വോഡഫോൺ എഴുതിത്തള്ളിയിരുന്നു. അധിക നിക്ഷേപത്തിനില്ലെന്ന് ഇതിനോടകം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കേന്ദ്ര നടപടി കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കം, മലയാളികളോടുള്ള അവഗണന : എ എ റഹിം
Post Your Comments