തിരുവനന്തപുരം: വാളയാറിൽ വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കളാണ് എക്‌സൈസ് വാളയാർ ചെക്ക്‌പോസ്റ്റിൽ വച്ച് പിടികൂടിയത്. പാലക്കാട് ഐ.ബി ഇൻസ്‌പെക്ടറുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക്‌പോസ്റ്റ് ഡ്യുട്ടിയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ ഹരീഷും സംഘവുമാണ് വാഹനം പരിശോധിച്ചു ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. ചെക്ക്‌പോസ്റ്റിൽ നിർത്താതെ പോയ വാഹനത്തെ മണ്ണാർക്കാട് റേഞ്ചിന്റെ ഹൈവേ പട്രോളിങ് സംഘവുമായി ചേർന്നാണ് പിന്തുടർന്ന് പിടികൂടിയത്.
ആർക്കും സംശയം തോന്നാത്ത രീതിയിൽ ഉള്ളി ചാക്കുകൾ കൊണ്ട് മറച്ചു വിദഗ്ദമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ കണ്ണാറ സ്വദേശികളായ ലിസൻ, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. പിടികൂടിയ സ്‌ഫോടക വസ്തുക്കൾ തൃശ്ശൂർ പൂങ്കുന്നത്തേക്കുള്ളതാണെന്നാണ് പ്രതികൾ മൊഴി നൽകിയത്. 200 ജലാറ്റിൻ സ്റ്റിക്കുകൾ വീതം അടങ്ങിയ 100 കാർഡ് ബോർഡ് ബോക്‌സുകൾ വണ്ടിയിൽ ഉണ്ടായിരുന്നു. പ്രതികളെയും സ്ഫോടക വസ്തുക്കളെയും വാളയാർ പോലീസിന് തുടർ നടപടികൾക്കായി കൈമാറി. പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.
Post Your Comments