ഇടുക്കി: അരിക്കൊമ്പന്റെ ലക്ഷ്യം ചിന്നക്കനാലോ? തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിൽ തുടരുകയാണ്. കുമളിയിൽ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയാണ് നിലവിലുള്ളത്. കമ്പംമെട്ട് ഭാഗത്തുനിന്നു ഗൂഡല്ലൂർ– തേവാരം വഴി ചിന്നക്കനാൽ ലക്ഷ്യമിട്ടാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്ന സംശയത്തിലാണ് വനംവകുപ്പ്. കേരളാ – തമിഴ്‌നാട് വനം വകുപ്പുകൾ കൃത്യമായ നിരീക്ഷണത്തിലാണ്. രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. മേഘമലയിൽ തമിഴ്നാട് വനംവകുപ്പ് ഉപയോഗിച്ചിരുന്ന ആൻറിനയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്.
വ്യാഴാഴ്ച അർധരാത്രി കുമളി റോസാപ്പൂക്കണ്ടത്ത് ജനവാസമേഖലയ്ക്കു സമീപമെത്തിയ കാട്ടാനയെ വനപാലകർ ആകാശത്തേക്ക് വെടിവെച്ച് ആനയെ തിരികെ കാട്ടിലേക്ക് കയറ്റിവിറ്റിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന വൈകിട്ടാത്തതോടെ ദേശീയപാത കടന്ന് ലോവർ ക്യാംപ് പവർ ഹൗസിനു സമീപത്ത് കൂടി കമ്പംമെട്ട് ഭാഗം കഴിഞ്ഞിരിക്കുകയാണ്. ഇവിടെ നിന്നും ചിന്നക്കനാലിലേക്ക് അധികദൂരം ഇല്ല.
ചിന്നക്കനാലിൽ നിന്നാണ് ഏപ്രിൽ 29ന് മയക്കുവെടിവച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം കാട്ടാനയെ ഇറക്കിവിട്ടത്. അന്ന് മുതൽ അരിക്കൊമ്പൻ യാത്രയിലായിരുന്നു. ലക്ഷ്യം തേടിയുള്ള യാത്ര ഇനിയും അവസാനിച്ചിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള റോസാപ്പൂക്കണ്ടം, ഗാന്ധിനഗർ എന്നിവടങ്ങളിൽ എത്തിയത്. ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയ വഴിയിലൂടെത്തന്നെയാണ് ആനയുടെ മടങ്ങിവരവും.
Post Your Comments