മണിപ്പൂരിൽ വീണ്ടും ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും, ആക്രമികൾ വീടുകൾക്ക് തീയിടുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ ബിഷ്നുപുർ ജില്ലയിലാണ് വീണ്ടും സംഘർഷം ആളിപ്പടർന്നത്.
തൊയ്ജാം ചന്ദ്രമണി എന്ന 29-കാരനാണ് വെടിയേറ്റത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബിഷ്നുപുരിലെ ചില ഗ്രാമങ്ങളിൽ ആയുധധാരികളായ യുവാക്കളെത്തി വീടുകൾ കയറി പരിശോധന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പ്രദേശത്ത് അക്രമ സംഭവങ്ങൾ വീണ്ടും ഉടലെടുത്തത്. തൊയ്ജാം ചന്ദ്രമണിയുടെ മരണത്തെ തുടർന്ന് ബിഷ്നുപുർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നീ ജില്ലകളിൽ കർഫ്യൂ ശക്തമാക്കി. ഒരു മാസത്തോളം നിലനിന്ന ആഭ്യന്തര കലാപത്തിൽ നിന്നും മോചനം നേടി മണിപ്പൂർ ജനതയുടെ ജീവിതം സാധാരണ നിലയിലായി വരുന്നതിനിടെയാണ് വീണ്ടും സംഘർഷം ഉണ്ടായത്.
Post Your Comments