രാജ്യത്തെ പ്രമുഖ എയർലൈനായ ഗോ ഫസ്റ്റ് സർവീസുകൾ വീണ്ടും പുനരാരംഭിച്ചേക്കും. ഓഫീസ് പ്രവർത്തനങ്ങൾ പുനരാരംഭിച്ച ശേഷം, ഘട്ടം ഘട്ടമായാണ് സർവീസുകളും ആരംഭിക്കുക. മെയ് അവസാനത്തോടെ ഗോ ഫസ്റ്റ് ഓഫീസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് സൂചനകൾ നൽകിയിട്ടുണ്ട്. തുടർന്ന് ജൂൺ പകുതിയോടെയാണ് വിമാന സർവീസുകൾ ആരംഭിക്കുക.
ആദ്യ ഘട്ടത്തിൽ പത്തിൽ താഴെ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്താൻ പദ്ധതിയിടുന്നത്. ഡൽഹി-മുംബൈ, ഡൽഹി-ബെംഗളൂരു, ഡൽഹി-ചെന്നൈ തുടങ്ങിയ ആഭ്യന്തര റൂട്ടുകളിലാണ് സർവീസുകൾ പുനരാരംഭിക്കാൻ സാധ്യത. അതേസമയം, പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ ഗോ ഫസ്റ്റ് ഇതുവരെ സമീപിച്ചിട്ടില്ല.
ആദ്യ ഘട്ടത്തിൽ ഗോ ഫസ്റ്റിന്റെ സർവീസുകൾ മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് റദ്ദ് ചെയ്തിരുന്നത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി സർവീസുകൾ റദ്ദ് ചെയ്യുകയായിരുന്നു. പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. അതേസമയം, ഗോ ഫസ്റ്റ് സമർപ്പിച്ച പാപ്പരാത്ത ഹർജി ഇതിനോടകം തന്നെ നാഷണൽ കമ്പനി ലോ ട്രിബൂണൽ അംഗീകരിച്ചിട്ടുണ്ട്.
Post Your Comments