തിരുവനന്തപുരം: അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമില്ല എന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി. സർവീസ് മേഖലയിൽ എല്ലാവരും അഴിമതിക്കാരല്ല. എന്നാൽ ചിലർ അഴിമതിയുടെ രുചി അറിഞ്ഞവരാണ്. എങ്ങിനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരും സർവീസിലുണ്ട്. അഴിമതി നടത്തുന്നവർക്ക് എല്ലാക്കാലവും രക്ഷപ്പെട്ട് നടക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിയിലൂടെ എത്രമാത്രം ദുഷ്‌പേര് വകുപ്പിനും സിവിൽ സർവീസിനും നാടിനും ഉണ്ടാകും എന്ന് ചിന്തിക്കണം. ചിലർ സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലായിരിക്കാം. എന്നാൽ, കൂടെയുള്ളവർ അറിയാതെ അഴിമതി സാധ്യമാകുമോ? ഇന്നത്തെ കാലം ഒന്നും അതീവ രഹസ്യമല്ല. പിടികൂടിയാൽ അതിന്റേതായ പ്രയാസം അനുഭവിക്കേണ്ടിവരും. കേരളം അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. ഭരണനിർവഹണം ശരിയായ രീതിയിൽ ജനങ്ങൾക്ക് അനുഭപ്പെടുക പ്രധാനമാണ്. ജനങ്ങൾക്ക് ലഭിക്കുന്ന സേവനത്തിന്റെ വേഗത കൂട്ടി. ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ നല്ല പുരോഗതിയുണ്ടായി. എന്നാൽ ചിലയിടങ്ങളിൽ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല. ആ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ജനങ്ങളെ ജീവനക്കാർ ശത്രുക്കളായി കാണരുത്. ജനങ്ങൾക്ക് സേവനം കൃത്യമായി ലഭിക്കണം. ഉദ്യോഗസ്ഥർ ജനസൗഹൃദ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments