കൊച്ചി: ചിന്നക്കനാലുകാർക്ക് ശല്യമായിരുന്ന കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് അയച്ചെങ്കിലും സോഷ്യൽ മീഡിയയിലെ താരം ഇപ്പോഴും അരിക്കൊമ്പൻ തന്നെയാണ്. കാടുകടത്തിവിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഇന്നും അരിക്കൊമ്പനെ ചുറ്റി പറ്റിയുള്ള ചർച്ചകളും വാർത്തകളും സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ചിന്നക്കനാലിൽ അരിക്കൊമ്പനെ തിരികെ കൊണ്ടുവരുന്നതിന് കേസ് നടത്തിപ്പിന് എന്ന പേരിൽ സമൂഹമാധ്യമങ്ങൾ വഴി പണം പിരിച്ച് എന്ന ആരോപണവും ഇപ്പോഴുയരുന്നു.
അരിക്കൊമ്പന് വേണ്ടി ഏഴു ലക്ഷം രൂപ ചിലർ പിരിച്ചുവെന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയതിന് പിന്നാലെ ഇതേ ആരോപണവുമായി ജില്ലയിലെ ചില കർഷക സംഘടനകൾ രംഗത്ത് എത്തുകയാണ്. അരിക്കൊമ്പനു വേണ്ടി വാട്സ്ആപ്പ് കൂട്ടായ്മകൾ വഴി പണം പിരിച്ചു എന്നാണ് പുതിയ പരാതി. ‘അരിക്കൊമ്പന് ഒരു ചാക്ക് അരി’ എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ് വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ അഡ്മിൻ ഏഴുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ആരോപണം.
അരിക്കൊമ്പന്റെ പേരിൽ ഒട്ടേറെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളും നിലവിലുണ്ട്. അരിക്കൊമ്പന് പേരിലുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് അധികൃതർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പ്രവാസികകൾക്കടക്കം പണം നഷ്ടമായിട്ടുണ്ടെന്നും പറയുന്നു. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിലും പണപ്പിരിവു നടന്നു. പണപ്പിരിവിനെപ്പറ്റി അന്വേഷിക്കണമെവശ്യപ്പെട്ട് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി ഫയൽ ചെയ്തിരുന്നു. ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്സാപ് കൂട്ടായ്മ വഴിയാണ് പണപ്പിരിവ് നടത്തിയതെന്നാണ് ആരോപണം.
പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പൻ മുല്ലക്കൊടി ഭാഗത്ത് കോർ ഏരിയയിലെ ഉൾവനത്തിലാണ് ഇപ്പോഴുള്ളത് എന്നും ആനയുടെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. ഇടുക്കി ചിന്നക്കലാനിൽ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ ഈയടുത്താണ് നാടുകടത്തിയത്. കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് പേരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിടുകയായിരുന്നു.
Post Your Comments