ബംഗളൂരു: തുടക്കം മുതൽ തന്നെ ജനങ്ങളുടെ കൈയ്യടി മേടിക്കുകയാണ് സിദ്ധരാമയ്യ സർക്കാർ. ഇപ്പോൾ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ട ഒരു കാര്യമാണ് സോഷ്യൽ മീഡിയയും അണികളും ചർച്ചയാക്കുന്നത്. തനിക്ക് ജനങ്ങള്‍ ആദരസൂചകമായി പൂക്കളോ പൊന്നാടയോ നല്‍കരുതെന്നാണ് സിദ്ധരാമയ്യ പറയുന്നത്. പകരം തനിക്ക് പുസ്തകങ്ങള്‍ നല്‍കുന്നതാണ് കൂടുതല്‍ സന്തോഷമെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
‘പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന് പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ പരിപാടികളിലും പൊതുപരിപാടികളിലും ഇത് ഞാന്‍ പാലിക്കും. സമ്മാനങ്ങളിലൂടെ അവരുടെ സ്‌നേഹം അറിയിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കണമെന്നാണ് ആഗ്രഹം’, സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
തനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞ് ബുദ്ധിമുട്ടിക്കരുതെന്ന നിർദേശവും അദ്ദേഹം നൽകിയിരുന്നു. തന്റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്നാണ് അദ്ദേഹം നൽകിയ നിർദ്ദേശം. സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് താൻ ഇത്തരമൊരു നിർദ്ദേശം നൽകിയതെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ചയാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം അധികാരമേറ്റത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉൾപ്പെടെ 12 പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Post Your Comments