ദുബായ്: യുഎഇയിലെ ഏറ്റവും മികച്ച സർക്കാർ സേവനം ഏതൊണെന്ന് വ്യക്തമാക്കി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സർക്കാർ സേവനങ്ങളിൽ ഏറ്റവും മികച്ചതും ഏറ്റവും മോമായതും ഏതൊക്കെയാണെന്ന ജനാഭിപ്രായം ക്രോഡീകരിച്ചാണ് പ്രഖ്യാപനം നടന്നത്. സർക്കാർ സേവനങ്ങളുടെ മികവിന്റെ പട്ടിക സോഷ്യൽ മീഡിയയിലൂടെ ശൈഖ് മുഹമ്മദ് പങ്കുവെച്ചു.
രാജ്യത്ത് ഏറ്റവുമധികം ജനങ്ങൾ സംതൃപ്തി രേഖപ്പെടുത്തിയ സേവനങ്ങൾ പാസ്‌പോർട്ടും ഡ്രൈവിങ് ലൈസൻസും ഇഷ്യൂ ചെയ്യുന്നതാണ്. സാധാരണ ഗതിയിൽ ഇവയ്ക്ക് അര മണിക്കൂറിൽ താഴെ സമയം മാത്രമേ എടുക്കാറുള്ളൂ. യുഎഇ ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും നൽകുന്ന സേവനങ്ങളും മികവിന്റെ പട്ടികയിൽ മുൻനിരയിൽ ഇടംനേടി. ജനസംതൃപ്തമല്ലാത്ത സർക്കാർ സേവനങ്ങളും പട്ടികയിലുണ്ട്. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നതും മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതുമാണ് മോശം സേവനങ്ങളെന്നാണ് പട്ടകയിൽ വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്തെ ഓരോ സർക്കാർ സേവനത്തെക്കുറിച്ചും പൊതുജനങ്ങൾക്കുള്ള സംതൃപ്തിയുടെ അളവ് അറിയാൻ ഈ വർഷം ആദ്യം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ച ഇന്ററാക്ടീവ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഗവൺമെന്റ് സർവീസസ് ഒബ്‌സർവേറ്ററിയാണ് പുതിയ റേറ്റിങ് തയ്യാറാക്കിയത്. ഏതാണ്ട് 1400ൽ അധികം സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള പത്ത് ലക്ഷത്തിലധികം അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
Read Also: ഐആർസിടിസി: ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ യാത്ര ആരംഭിച്ചു
Leave a Comment