കോട്ടയം: ‘ഞാൻ പോകുവാടോ…മരിക്കും. ആയിരം കിലോയുള്ള ഒരുത്തനാ എന്നെ ഇടിച്ചത്’- മരിക്കും മുമ്പ് കണമല പ്ലാവനാകുഴിയില്‍ തോമസ് തന്റെ സുഹൃത്തായ വെട്ടിക്കല്‍ ഓലിക്കല്‍ ജോസഫിനോട് പറഞ്ഞ വാക്കുകള്‍ ആണിത്.
പോത്ത് ഇടിച്ചുവീഴ്ത്തിയ ഉടനെ തോമസ് ആദ്യം വിളിച്ചുവരുത്തിയത് സുഹൃത്തായ ജോസഫിനെയാണ്.
‘കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിൽ ആംബുലൻസിൽവെച്ച് തോമാച്ചൻ മരിക്കുന്നത് ഈ കൈ ചേർത്തുപിടിച്ചാണ്’- ജോസഫ് ജോസഫ് പറയുന്നു.
കണമല ജങ്ഷനിൽ എത്തിയതായിരുന്നു ജോസഫ്. അപ്പോഴാണ് തോമസിന്റെ ഫോൺ വിളിവരുന്നത്. പോത്ത് ഇടിച്ചുവെന്ന് കേട്ടപ്പോഴേ കൂട്ടുകാരെയും കൂട്ടി ഒരു ഓട്ടോയിൽ അരക്കിലോമീറ്റർ അകലെയുള്ള തോട്ടത്തിലേക്കുപോയി. ചെന്നപ്പോൾ തോമസ് ചോരയിൽ കുളിച്ച് കിടക്കുന്നു. കാല് രണ്ടും പിണഞ്ഞ് ഒടിഞ്ഞുനുറുങ്ങിയിരുന്നു. വയറ്റിൽ ആഴത്തിലുള്ള മുറിവ്. തലയിൽ നിന്ന് രക്തം ചീറ്റുന്നു. പോത്ത് തന്നെ ഇടിച്ചിട്ട് കുത്തിയ ശേഷം പോയെന്ന് തോമസ് പറഞ്ഞു.
തോമസിന്റെ ഭാര്യയും ബന്ധുക്കളും കട്ടപ്പനയിൽ മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് പോയിരിക്കുകയായിരുന്നു. ജോസഫ് വീട്ടിലേക്കോടിപ്പോയി രണ്ട് ബെഡ് ഷീറ്റുകൾ കൊണ്ടുവന്നു. എല്ലാവരും ചേർന്ന് തോമസിനെ അതിൽ കിടത്തി കണമല ജങ്ഷനിലേക്ക് എത്തിച്ചു. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ആംബുലൻസ് വന്നു. മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ച് ഓക്‌സിജൻ ട്യൂബ് ഘടിപ്പിച്ചു. അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക്. ഇതിനിടെ മരണം സംഭവിച്ചു.
‘തോമാച്ചനുമായി ഇങ്ങനെ പിരിയേണ്ടിവരുമെന്ന് കരുതിയില്ല. ടാപ്പിങ്ങിന് പോയാൽ ഒന്നിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. ദിവസം രണ്ട് തവണയെങ്കിലും ഫോണിൽ വിളിക്കും. വൈകീട്ട് ഒന്നിച്ച് കവലയിൽ ഇറങ്ങും. സഹോദരനെയാണ് നഷ്ടമായത്. ഈ ആയുസിൽ തീരില്ല സങ്കടം’ -ജോസഫ് പറഞ്ഞു.
Post Your Comments