ബംഗളുരു: കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായതായി കോൺഗ്രസ് വനിതാ എംഎൽഎ. മുദിഗരെ മണ്ഡലത്തിൽ നിന്നുള്ള വിജയിയായ യുവ എംഎൽഎ നയന ജാഹറാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. സ്വകാര്യ ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവെച്ചു കൊണ്ട് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി നയന വ്യക്തമാക്കി.
പരാജയപ്പെട്ടവരുടെ മോഹഭംഗമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും ഇത്തരം പ്രവൃത്തികളിലൂടെ തന്നെ തളർത്താനാകില്ലെന്നും സംഭവത്തോട് പ്രതികരിച്ച നയന പറഞ്ഞു. സ്വകാര്യ ജീവിതവും രാഷ്ട്രീയ പ്രവർത്തനവും തമ്മിലുള്ള അന്തരം മനസ്സിലാകാനാകാത്ത വിഡ്ഢികളാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും ഇത്തരം ആക്രമണങ്ങളെ നേരിടാൻ തനിക്കറിയാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ നയന വ്യക്തമാക്കി.
ബിജെപിയുടെ ദീപക് ദൊദ്ദയ്യെ പരാജയപ്പെടുത്തിയാണ് കർണാടക കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎയായ നയന മിന്നുന്ന വിജയം കരസ്ഥമാക്കിയത്. സൈബർ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച എംഎൽഎയ്ക്ക് പിന്തുണ അറിയിച്ച് നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments