തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ അഞ്ച് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 7 മുതൽ 14 വരെ എസ്എസ്എൽസി സേ പരീക്ഷ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എസ്എസ്എൽസി ഫലപ്രഖ്യാപന വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 99.70 ശതമാനമാണ് എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണത്തെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ഏറ്റവും കൂടുതൽ വിജയം കണ്ണൂരിലാണ്, 99.94 ശതമാനം. 68, 604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുള്ള മലപ്പുറം എടരിക്കോട് സ്കൂൾ നൂറുമേനി വിജയം നേടി. 1876 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയതെന്നും അദ്ദേഹം അറിയിച്ചു.
വിജയശതമാനത്തിൽ 0.44 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. നൂറ് മേനി വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തി. 2581 സ്കൂളുകളാണ് ഈ വർഷം നൂറ് മേനി വിജയം നേടിയത്. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റുകൾ ലഭിക്കും. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും. പ്ലസ് വണ്ണിന് 360692 സീറ്റുകളാണുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
Read Also: പരീക്ഷാഫലം വന്നു, ഫുൾ A+ , 6 പേര്‍ക്ക് പുതുജീവനേകിയ സാരംഗ് ഫലമറിയാൻ കാത്തുനിൽക്കാതെ യാത്രയായി
Post Your Comments