സൂര്യ പുത്രനായ ശനി വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ജനിച്ചത്. ഈ ദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ഈ സവിശേഷ ദിനത്തിലെ ശനീശ്വര ഭജനം ശനിദോഷശാന്തിക്ക് അത്യുത്തമമത്രേ. ഈ വര്‍ഷം മെയ് 19 വെള്ളിയാഴ്ചയാണ് ശനിജയന്തി. ആയുസ്സിന്റെ കാരകനാണ് ശനി. ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവര്‍ വിരളമാണ്. സാക്ഷാല്‍ മഹാദേവന് പോലും ശനിദോഷം അലട്ടിയിട്ടുണ്ട്.
Read Also: നടത്തം ആരോഗ്യത്തിന് ഗുണകരം
മന:പ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും. അതിനാല്‍ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം പറ്റിയ ദിനം വേറെയില്ല.
ജന്മദിനത്തില് അതീവ പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം സമര്‍പ്പിക്കുന്ന ജപങ്ങളും പ്രാര്‍ഥനകളും ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം. ജാതകപ്രകാരം ശനിദശാദോഷമുള്ളവരും ചാരവശാല്‍ ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശനി, അഷ്ടമശനി, ഏഴരശനി
എന്നീ ദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും
ദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ ദിനമാണ് ശനിജയന്തി.
ശനിജയന്തിദിനത്തില്‍ വ്രതാനുഷ്ഠാനത്തോടെ ശനീശ്വരനെ പ്രാര്‍ഥിക്കുന്നത് അതീവ ഫലദായകമാണ് . ഒരിക്കല്‍ അനുഷ്ഠിച്ചു വ്രതം എടുക്കാം . പ്രഭാതത്തില്‍ സ്നാനന്തരം ശനീശ്വരസ്തോത്രം ഒന്‍പതു തവണ ജപിക്കുന്നത് ശനിപ്രീതികരമാണ്. ശനിദേവന്റെ വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്.
ശനീശ്വരസ്തോത്രം അര്‍ഥം മനസ്സിലാക്കി വേണം ജപിക്കാന്‍.
നീലാഞ്ജനസമാഭാസം<
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം
അര്‍ഥം :
നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാന്‍ നമസ്കരിക്കുന്നു
കഴിവതും മറ്റുള്ളവരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതിരിക്കുക . പ്രത്യേകിച്ച് പ്രായമായവരെ. വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം , കുശുമ്പ് എന്നിവ ഒഴിവാക്കുക , അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയില്‍ സഹായിക്കുക. എങ്കില്‍ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയില്‍ പരിചരിക്കുന്നതും വസ്ത്രമോ കറുത്ത കുടയോ നല്കി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കര്‍മമത്രേ.
Post Your Comments