കരിപ്പൂർ: സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത് സജീവമാകുന്നു. സ്ത്രീകളെ കാരിയർമാരാക്കിയുള്ള സ്വർണക്കടത്ത് വ്യാപിക്കുന്നതിനിടെ, കുടുംബസമേതം എത്തുന്നവരും സ്വർണക്കടത്തിലേക്ക് തിരിയുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണാനാകുന്നത്. കുടുംബത്തോടൊപ്പം ദുബായ് സന്ദർശനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ സ്വര്‍ണക്കടത്തിനു ശ്രമിച്ച ദമ്പതിമാര്‍ അറസ്റ്റിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ പുളിക്കിപൊയില്‍ ഷറഫുദ്ദീന്‍ (44), ഭാര്യ നടുവീട്ടില്‍ ഷമീന (37) എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ദുബായില്‍നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ വന്നിറങ്ങിയതായിരുന്നു ദമ്പതിമാർ. രണ്ടുകിലോ സ്വര്‍ണമിശ്രിതം ആണ് കസ്റ്റംസ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഏകദേശം 1.15 കോടി രൂപ വിലമതിക്കുന്ന 2148 ഗ്രാം സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് കടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. ഇതിനായി കുടുംബത്തെ മറയാക്കുകയായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്കു നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെങ്കിലും കസ്റ്റംസ് കയ്യോടെ പിടികൂടുകയായിരുന്നു.
ഷമീന തന്റെ അടിവസ്ത്രത്തിനുള്ളിൽ 1198 ഗ്രാം സ്വര്‍ണമിശ്രിതത്തിന്റെ പായ്ക്കറ്റ് ആണ് ഒളിപ്പിച്ചത്. ഭർത്താവ് ഷറഫുദ്ദീന്‍ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു കാപ്സ്യൂളുകളിലായി 950 ഗ്രാം സ്വര്‍ണമിശ്രിതമാണ് ഒളിപ്പിച്ചത്. ഷമീനയെ സംശയംതോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണമിശ്രിതം അടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഷറഫുദ്ദീനും കുറ്റം സമ്മതിക്കുകയായിരുന്നു. താനും സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നിട്ടുണ്ടെന്ന് ഷറഫുദ്ദീന്‍ ഉദ്യോഗസ്ഥരോടു സമ്മതിക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്.
Post Your Comments