സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് നടക്കും. സംസ്ഥാനത്തെ 5,409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതാണ്. ചടങ്ങിൽ മന്ത്രിമാരായ ജി.ആർ അനിൽ, എം.ബി രാജേഷ്, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും.
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി താഴെത്തട്ടിലുള്ള ജനങ്ങൾക്കും സേവനങ്ങൾ ഉറപ്പുവരുത്തുന്നതാണ്. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്താനാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ വിവിധ പ്രവർത്തനങ്ങൾക്കും ആരോഗ്യവകുപ്പ് രൂപം നൽകുന്നുണ്ട്. ജീവിതശൈലി രോഗ നിയന്ത്രണം, വയോജന ആരോഗ്യം, കൗമാര ആരോഗ്യം, ബോധവൽക്കരണ പ്രവർത്തനങ്ങൾ, മാനസിക ഉല്ലാസം എന്നിവ ഇതിനോടനുബന്ധിച്ച് നടപ്പാക്കുന്നതാണ്.
Also Read: പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരൻ ജീവനൊടുക്കി
ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനായി പ്രത്യേക വെൽഫെയർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ക്ലിനിക്കുകൾ വഴി സാധാരണ ജനങ്ങൾക്കരികിലേക്ക് പ്രാഥമികാരോഗ്യ സേവനങ്ങൾ എത്തിക്കുന്നതാണ്. കൂടാതെ, എല്ലാ കേന്ദ്രങ്ങളിലും കമ്പ്യൂട്ടർ, പ്രിന്റർ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കി കൂടുതൽ സ്മാർട്ട് ആക്കുന്നതാണ്.
Post Your Comments