കാസര്‍ഗോഡ്: കാഞ്ഞങ്ങാട് യുവതിയെ കാമുകന്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിൽ വച്ചാണ് ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക കാെലചെയ്യപ്പെട്ടത്. കാസർകോട് ബോവിക്കാനം അമ്മകോട്ടെ സതീഷ് ഭാസ്സർ (34) കുറ്റം സമ്മതിച്ച് ഹോസ്ദുർഗ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ദേവികയുമായി പ്രണയത്തിലായിരുന്നുവെന്നും, എന്നാൽ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് കൊലപ്പെടുത്തിയതെന്നുമാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ദേവികയും സതീഷും കമിതാക്കൾ ആയിരുന്നു. ഇരുവരും വെവ്വേറെ വിവാഹം കഴിച്ചവരാണ്. പ്രവാസിയുടെ ഭാര്യയായ ദേവികയ്ക്ക് രണ്ട് മക്കളുണ്ട്. സതീഷും വിവാഹിതനാണ്. അയാൾക്ക് ഒരു കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ സതീഷിനെ ദേവിക നിരന്തരം നിർബന്ധിച്ചിരുന്നു എന്നാണ് വിവരം. ഇതോടെ സതീഷ് മാനസിക സംഘർഷത്തിലായി. മക്കളെയും പങ്കാളികളെയും ഉപേക്ഷിച്ച് നമുക്കൊരു ജീവിതം തുടങ്ങാം എന്നായിരുന്നു ദേവിക ഇയാളോട് ആവശ്യപ്പെട്ടിരുന്നത്. ഈ ബന്ധത്തെച്ചൊല്ലി സതീഷിൻ്റെ വീട്ടിൽ പ്രശ്നങ്ങൾ നടന്നുവരികയായിരുന്നു.
വീട്ടിൽ പ്രശ്നം ആയതോടെ ഇയാൾ കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണ് കഴിഞ്ഞു വന്നിരുന്നത്. കഴിഞ്ഞ ദിവസം യുവതിയെ സതീഷ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഭാവി കാര്യങ്ങൾ തീരുമാനിക്കാം എന്നു പറഞ്ഞായിരുന്നു വിളിച്ച് വരുത്തിയത്. ഹോട്ടലിലെ 306-ാം മുറിയിലേയ്ക്ക് ദേവികയെ കൊണ്ടുവന്നപ്പോൾ ഹോട്ടൽ ജീവനക്കാരൻ അതാരാണെന്ന് ചോദിച്ചിരുന്നു. ഭാര്യയാണെന്നായിരുന്നു സതീഷ് മറുപടി നൽകിയത്. സംസാരിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് സതീഷ് മൊഴി പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
Post Your Comments