ന്യൂഡല്‍ഹി: കോഹിനൂര്‍ വജ്രം ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ നയതന്ത്ര ചരടുവലികള്‍ തുടങ്ങിയെന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന വൃത്തങ്ങള്‍ വിവരം നിഷേധിച്ചുവെന്നും തെറ്റായ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഉദ്ധരിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ കോഹിനൂര്‍ പരാമര്‍ശിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
നിലവിലുള്ള അന്താരാഷ്ട്ര ക്രമീകരണങ്ങള്‍ക്ക് സമാന്തരമായി ഉഭയകക്ഷി സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും പുരാവസ്തുക്കള്‍ വീണ്ടെടുക്കുന്ന പ്രക്രിയയിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുന്‍കാലങ്ങളിലും ഇന്ത്യന്‍ പുരാവസ്തുക്കള്‍ ആതിഥേയത്വം വഹിക്കുന്ന ഒന്നിലധികം രാജ്യങ്ങളിലും ഈ പ്രക്രിയ നടക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ വേളയില്‍ കോഹിനൂര്‍ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. പഞ്ചാബ് പിടിച്ചടക്കിയപ്പോള്‍ മഹാരാജ രഞ്ജിത് സിംഗിന്റെ ഖജനാവില്‍ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി കൈമാറിയതിന് ശേഷമാണ് 105 കാരറ്റ് വജ്രമായ കോഹിനൂര്‍ ബ്രിട്ടനിലെത്തിയത്. കമ്പനി അത് വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയായിരുന്നു.
വജ്രം തിരിച്ചയക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതായി ഒരു ദിവസം മുമ്പ് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം, സ്‌കോട്ടിഷ് നഗരത്തിലെ മ്യൂസിയങ്ങള്‍ നടത്തുന്ന ഗ്ലാസ്‌ഗോ ലൈഫ് എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ മോഷ്ടിക്കപ്പെട്ട ഏഴ് ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ നല്‍കുന്നതിന് ഇന്ത്യന്‍ ഭരണകൂടവുമായി ഒരു കരാറില്‍ ഒപ്പുവച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും പ്രസ്തുത ഇനങ്ങളില്‍ ഭൂരിഭാഗവും നീക്കം ചെയ്യപ്പെട്ടുകയോ മോഷ്ടിക്കപ്പെട്ടവയോ ആണ്. അവയെല്ലാം ഗ്ലാസ്‌ഗോ ശേഖരങ്ങള്‍ക്ക് സമ്മാനിച്ചതാണെന്ന് ഗ്ലാസ്‌ഗോ ലൈഫ് പറഞ്ഞു.
Post Your Comments