ഉപ്പൂറ്റി വേദനയെ നിസാരമായി കാണരുത്, പരിഹാരമുണ്ട്

പ്രായമായവര്‍ ഏറ്റവും കൂടുതല്‍ പറയുന്ന ഒരു കാര്യമാണ് കാലുവേദന, ഉപ്പൂറ്റി വേദന എന്നത്. വളരെ സാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദന. കാലിന്‍റെ ഉപ്പൂറ്റിയിലെ അസ്ഥിയില്‍ നിന്നും കാല്‍വിരലുകളുടെ അസ്ഥികളിലേക്ക് വ്യാപിച്ചു കിടക്കുന്ന കട്ടിയുള്ള പാടയ്ക്ക് വരുന്ന നീര്‍വീക്കമാണ് ഉപ്പൂറ്റി വേദനയ്ക്ക് കാരണം. അമിത വണ്ണം, സന്ധിവാതം, ദീര്‍ഘനേരം നിന്നുള്ള ജോലി, ഉപ്പൂറ്റിയുടെ പുറകിലുള്ള ഞരമ്പിനു മുറുക്കം, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ കൊണ്ട് ഉപ്പൂറ്റി വേദനയുണ്ടാകാം.

ഇങ്ങനെ ഉപ്പൂറ്റി വേദന വന്നാല്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. അമിതവണ്ണം നിയന്ത്രിക്കുക, നിന്നുള്ള ജോലിയാണെങ്കില്‍ ഇടവേളകളില്‍ ഇരുന്ന് വിശ്രമിക്കുക, കാലിന്‍റെ സമ്മര്‍ദ്ദം കുറയ്ക്കുക ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക. രാവിലെ ഉറക്കമുണര്‍ന്ന് കാലുകള്‍ നിലത്ത് കുത്താന്‍ ശ്രമിക്കുമ്പോഴാണ് പലരിലും പാദങ്ങള്‍ നിലത്ത് കുത്താന്‍ കഴിയാത്തവണ്ണം അസഹനീയമായ വേദന അനുഭവപ്പെടുന്നത്. ഉപ്പൂറ്റിയിലെ അസഹനീയമായ വേദന, നീര്‍ക്കെട്ട്, സ്റ്റിഫ്നസ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഒരു കാലില്‍ മാത്രമായോ അല്ലെങ്കില്‍ രണ്ട് കാലുകളിലുമായോ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

ഐസ്‌ക്യൂബ് ഉപയോഗിച്ച് കാലിന്റെ അടിയില്‍ വേദനയുള്ള ഭാഗത്ത് 10-15 മിനിറ്റ് മസാജ് ചെയ്യുന്നത് ഫലപ്രദമാണ്. കൈകള്‍ ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസ്സാജ് ചെയ്യാം. വേദനയുള്ള കാലിന്റെ അടിയില്‍ ഒരു ടെന്നിസ് ബോള്‍ വെച്ച് വിരലുകള്‍ തൊട്ട് ഉപ്പൂറ്റി വരെ അമര്‍ത്തി പ്ലാന്റാര്‍ ഫേഷ്യയെ റിലീസ് ചെയ്യാവുന്നതാണ്.

ഒരു പാത്രത്തില്‍ ചൂട് വെള്ളവും വേറൊന്നില്‍ തണുത്ത വെള്ളവും എടുക്കുക, മൂന്ന് മിനിറ്റ് നേരം വേദനയുള്ള കാല്‍പാദം ചൂടുവെള്ളത്തിലും രണ്ട് മിനിറ്റ് നേരം തണുത്ത വെള്ളത്തിലും മാറി മാറി മുക്കിവെക്കുക. രണ്ടോ മൂന്നോ പ്രാവശ്യം ഇത് തുടരുക. കാല്‍വിരലുകള്‍ നിലത്ത് കുത്തി ഉപ്പൂറ്റി ഉയര്‍ത്തി സ്‌ട്രെച്ച് ചെയ്യുന്നതും കസേരയില്‍ ഇരുന്ന ശേഷം നിലത്ത് വിരിച്ച ടവ്വലില്‍ വിരലുകള്‍ നിവര്‍ത്തി വെച്ച ശേഷം വിരലുകള്‍ കൊണ്ട് ചുരുട്ടി പുറകോട്ട് അടിപ്പിക്കുന്ന ടവ്വല്‍ സ്‌ട്രെച്ചും ഏറെ ആശ്വാസം നല്‍കുന്ന വ്യായാമങ്ങളാണ്. ഷൂസിന്റെ ഇന്‍സോള്‍ മൃദുവായത് തെരഞ്ഞെടുക്കുന്നതും ഉപ്പൂറ്റിവേദനയെ മാറ്റാൻ സഹായിക്കും.

Share
Leave a Comment