പാലക്കാട്: പാലക്കാട് ജില്ലാ അശുപത്രിയിലെ ഡോക്ടര്‍മാരോട് മോശമായി പെരുമാറി എന്ന ആരോപണത്തില്‍ വിശദീകരണവുമായി കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി. തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നെന്നും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് ശാന്തകുമാരി വ്യക്തമാക്കിയത്. ഭര്‍ത്താവിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ആ സമയത്ത് ഡോക്ടര്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറി. ഇത് ചോദ്യം ചെയ്ത തന്നോട് ധിക്കാരപരമായി സംസാരിച്ചെന്നും അവര്‍ വ്യക്തമാക്കി. ‘നിങ്ങളുടെ പെരുമാറ്റം കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്’ എന്ന രീതിയില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും ശാന്തകുമാരി പറഞ്ഞു. തന്റെ സംഭാഷണത്തിലോ പരാമര്‍ശത്തിലോ ആര്‍ക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.
ശാന്തകുമാരിയുടെ കുറിപ്പ്
’11/05/2023 ന് വൈകുന്നേരം 8:00 നും 8:30 മണിക്കും ഇടയില്‍ ഞാന്‍ എന്റെ ഭര്‍ത്താവിന് അസുഖവുമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ക്യാഷ്യാലിറ്റിയില്‍ ചെന്ന സമയം, ഞാന്‍ എം.എല്‍.എ. ആണ് എന്ന് സ്വയം പരിചയപ്പെടുത്തുകയും അവര്‍ അതൊന്നും ശ്രദ്ധിക്കാതെ നിന്ന സമയം റോഷിനി എന്നുപറയുന്ന ഡോക്ടര്‍ വന്ന് ഭര്‍ത്താവിന്റെ പേരും വയസും ചോദിച്ച് ഒ.പി. ടിക്കറ്റില്‍ രേഖപ്പെടുത്തി. ഭര്‍ത്താവിന് കടുത്ത പനിയും വിറയലും ഉണ്ടായിരുന്നു. ഡയബറ്റിക് ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ തൊട്ട് നോക്കി ‘100ഡിഗ്രി’ ആണെന്നും ഇന്‍ജക്ഷന്‍ നല്‍കാമെന്നു പറയുകയും ചെയ്തു’.
അപ്പോള്‍ ഞാന്‍ ‘ഇവിടെ തെര്‍മോമീറ്ററും, സ്റ്റെതസ്‌കോപ്പും ഒന്നും ഇല്ലേ’ എന്ന് ചോദിച്ചു. ‘അത് ഇവിടെ ഇല്ലെന്നും തോട്ടുനോക്കിയാല്‍ അറിയമെന്നുമാണ്’ ഡോക്ടര്‍ മറുപടി പറഞ്ഞത്.
‘ഈ സമയം ഞാന്‍ ‘തൊട്ട് നോകിയിട്ടാണോ നിങ്ങള്‍ രോഗികള്‍ക്ക് ഇന്‍ഞ്ചക്ഷന്‍ നല്‍കുന്നത് , നിങ്ങള്‍ക്ക് രോഗികളോട് ഒക്കെ ഒന്ന് മര്യാദയ്ക്ക് പെരുമാറികൂടെ’ എന്ന് പറഞ്ഞു’.
‘ആ സമയം പൂജ എന്ന ഡോക്ടര്‍ ഓടിവന്ന് ‘നിങ്ങള്‍ എം.എല്‍.എ.യൊക്കെ ആയിരിക്കും ഇവിടെ ഒരുപാട് രോഗികള്‍ ഉണ്ട്’ എന്ന് പറഞ്ഞ് എന്നോട് കയര്‍ക്കുകയും ചെയ്തു. ആ സമയം ഞാന്‍ ‘ക്യാഷ്യാലിറ്റിയില്‍ ഒരുപാട് രോഗികള്‍ വരും എല്ലാവരെയും നോക്കാന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്നും, തലയില്‍ മുറുവുമായിവരുന്നവരെ മാത്രമേ നിങ്ങള്‍ നോക്കുകയുള്ളോ’ എന്ന് ഞാന്‍ പൊതുവായാണ് സംസാരിച്ചത്. ഇതിന് ശേഷമാണ് ഒരു മെയില്‍ നെഴ്‌സ് ICU യില്‍ നിന്ന് തെര്‍മോമീറ്റര്‍ കൊണ്ടു വന്ന് പനി നോക്കിയതും, തുടര്‍ന്ന് ഇന്‍ജക്ഷന്‍ എടുക്കുകയും ചെയ്തത്’.
‘ശേഷം ഞാന്‍ പുറത്ത് വന്ന് DMO, സുപെറിന്റെണ്ടെന്റ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇന്ന് രാവിലെ വിളിച്ച് പറഞ്ഞു) എന്നിവരെ വിളിച്ച് ഈ കാര്യം പറയുകയും ചെയ്തു. ഞാന്‍ എം.എല്‍.എ. ആണെന്ന് അറിഞ്ഞു കൊണ്ട് എന്നെ അപമാനപ്പെടുത്തുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ ധിക്കാരപരമായ രീതിയില്‍ സംസാരിച്ചതില്‍ എനിക്ക് പരാതിയുണ്ടെന്നും ആയത് അന്വേഷിക്കണം എന്നും ഞാന്‍ ഫോണില്‍ വിളിച്ചു പരാധിപ്പെട്ടിരുന്നു’.
‘കഴിഞ്ഞ 5 – വര്‍ഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജില്ലാ ആശുപത്രിയിലെ ഇന്നു കാണുന്ന വികസനത്തിന്റെ ഭാഗമായ വ്യക്തി കൂടിയാണ് ഞാന്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം’.
ഈ സംഭവത്തെ Dr. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരും അല്ലാത്തവരും വാര്‍ത്താചാനലില്‍ ഞാന്‍ ഡോക്ടര്‍മാരോട് ഇങ്ങനെ തട്ടികേറി പറഞ്ഞതായി ‘നിങ്ങളുടെ പെരുമാറ്റം കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്’ എന്ന് പറഞ്ഞു എന്ന രീതിയില്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഞാന്‍ അത്തരത്തിലുള്ള ഒരു സംഭാഷണവും പരാമര്‍ശമോ നടത്തിയിട്ടില്ല.
ഞാന്‍ ഒരു സി.പി.ഐ.എം. പ്രവര്‍ത്തകയാണ് എല്ലാവര്‍ക്കും നല്ല സേവനവും സൗകര്യവും കിട്ടണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ മേല്‍ പഞ്ഞെ എന്റെ സംഭാഷണത്തിലോ പരാമര്‍ശത്തിലോ ആര്‍ക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
Post Your Comments