KeralaLatest NewsNewsSpecials

‘കേരളത്തിൽ ആണെന്ന് പറഞ്ഞതും ആ സ്ത്രീയുടെ മുഖം മാറി’: കേരള സ്റ്റോറി ഫലം കണ്ടു തുടങ്ങിയെന്ന് മൃണാൾ ദാസ്

കൊച്ചി: സുദീപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറിക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടും വിവാദങ്ങളെയെല്ലാം കാറ്റിൽ പരത്തി ചിത്രം 60 കോടിയിലധികം നേടിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ഇപ്പോഴും നിരവധി ഇടങ്ങളിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ തന്നെയാണ് ലഭിക്കുന്നത്. ട്രെയിലർ റിലീസ് ആയതുമുതൽ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ചിത്രമാണ് കേരള സ്റ്റോറി. ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമർശിച്ചും അനുകൂലിച്ചുമൊക്കെ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫുഡ് വ്ലോഗർ മൃണാൾ ദാസ് വേങ്ങലത്താണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കേരള സ്റ്റോറി എന്ന ചിത്രത്തിന് ഫലമുണ്ടായതായാണ് മൃണാൾ ആരോപിക്കുന്നത്. ചെന്നൈ എയർപോർട്ടിൽ വെച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിശകലനം. തന്റെ അടുത്ത് വന്നിരുന്ന സ്ത്രീയോട് സംസാരിച്ചുകൊണ്ടിരിക്കവേ താൻ മലയാളി ആണെന്ന് പറഞ്ഞതും അവരുടെ പെരുമാറ്റവും മുഖഭാവവും മാറിയെന്ന് മൃണാൾ പറയുന്നു. ഒരുപാട് നിർബന്ധിച്ചപ്പോൾ കേരള സ്റ്റോറിയാണ് കാരണമെന്നായിരുന്നു അവരുടെ മറുപടിയത്രേ. തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.

‘എയർപോർട്ടിൽ വിമാനം കാത്തിരിക്കുമ്പോൾ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ തന്റെ അടുത്ത് ഇരിപ്പുണ്ടായിരുന്നു. ഞങ്ങൾ ഭക്ഷണത്തെ പറ്റി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവർ എന്നോട് ചോദിച്ചു എവിടേക്കാണ് പോവുന്നത് എന്ന്. ഞാൻ കോയമ്പത്തൂരിലേക്ക് എന്ന് പറഞ്ഞു. കോയമ്പത്തൂരാണോ വീട് എന്ന് അവർ ചോദിച്ചപ്പോൾ അല്ല കേരളത്തിലാണെന്ന് മറുപടി നൽകി. പിന്നീട് അവരുടെ പെരുമാറ്റത്തിന് മാറ്റം വന്നു. അവർ മിണ്ടാതെയിരിക്കാൻ തുടങ്ങി. എന്താണ് കാര്യമെന്ന് നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് അവർ കാര്യം പറയുന്നത്. കേരള സ്റ്റോറിയുടെ കഥ അവർ പറഞ്ഞു. സിനിമ കണ്ടതു മുതലാണ് അവർക്ക് മലയാളികളോടുള്ള ഈ പ്രശ്നം. ഹിന്ദുവായ തനിക്കുണ്ടായ അവസ്ഥ ഇതാണെങ്കിൽ ഈ രാജ്യത്തെ മുസ്ലിം സമുദായക്കാരുടേയും ക്രിസ്ത്യാനികളുടേയും അവസ്ഥ എന്താകും’, മൃണാൾ ചോദിക്കുന്നു. ഇയാളുടെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാമെന്ന് പറയുന്നവരുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button