ഭോപ്പാല്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനീയറുടെ ബംഗ്ലാവില്‍ ലോകായുക്ത റെയ്ഡ് നടത്തി. മധ്യപ്രദേശ് സര്‍ക്കാരിലെ കരാര്‍ ജീവനക്കാരിയായ ഹേമ മീണയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ, 30 ലക്ഷം രൂപ വിലവരുന്ന 98 ഇഞ്ച് ടിവി, പത്ത് ആഡംബര കാറുകള്‍ ഉള്‍പ്പടെ 20 കാറുകള്‍, തുടങ്ങി വിലയേറിയ നിരവധി വസ്തുക്കള്‍ കണ്ടെത്തി.
പത്തുവര്‍ഷത്തെ ജോലിക്കിടയിലാണ് ഹേമ മീണ ഏഴ് കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചത്. മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എന്‍ജിനിയറായ ഹേമ മീണയ്ക്ക് പ്രതിമാസം മുപ്പതിനായിരം രൂപ മാത്രമാണ് ശമ്പളം. സോളാര്‍ പാനലുകള്‍ പരിശോധിക്കാനെന്ന നിലയിലാണ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച മീണയുടെ വീട്ടിലെത്തിയത്.
പരിശോധനയില്‍ മുന്തിയ ഇനത്തില്‍പ്പെട്ട 24 പശുക്കള്‍, പത്ത് വിദേശ നായകള്‍ ഉള്‍പ്പടെ നൂറിലധികം നായകള്‍, സമ്പൂര്‍ണ വയര്‍ലസ് കമ്യൂണിക്കേഷന്‍ സിസ്റ്റം, മൊബൈല്‍ ജാമറുകൾ തുടങ്ങിയവയും കണ്ടെത്തി. മീണയുടെ വരുമാനത്തിന്റെ ഇരുന്നൂറ് ഇരട്ടിയിലധികം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments