അഞ്ജു പാർവതി പ്രഭീഷ്
സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറിക്കിയിട്ടും പിണറായി സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ജു പാര്‍വതി. ആഭ്യന്തരം ആഭാസമായ ഈ ഭരണകാലത്ത് ലഹരി മാഫിയ പൂണ്ട് വിളയാടുകയാണ് ഇവിടെ. കൊറോണയെ തുരത്താന്‍ കാണിച്ചുവെന്ന തരത്തില്‍ ഇവിടെ പി.ആര്‍ വര്‍ക്കുകള്‍ക്ക് പൊടിച്ച പണത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ലക്ഷത്തിലൊരംശം എങ്കിലും ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ ഈ ഭരണകൂടം ശ്രമിച്ചിരുന്നുവെങ്കില്‍ ഈ നാട് ഇത്രമേല്‍ ലഹരിക്ക് അടിപ്പെടില്ലായിരുന്നുവെന്നും അഞ്ജു ചൂണ്ടിക്കാട്ടുന്നു.
Read Also: വീണയുടേത് കഴുത കണ്ണീർ, കണ്ണിൽ ഗ്ലിസറിൻ പുരട്ടി കരഞ്ഞെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല’ – മിനിഞ്ഞാന്ന് വന്ദന കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ യാഥാര്‍ത്ഥ്യമായി. കഴിഞ്ഞ ദിവസം രാത്രി തലസ്ഥാന നഗരിയില്‍ ലഹരിക്ക് അടിമയായ, വലിയതുറ സ്വദേശിയായ 15 വയസ്സുകാരന്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തി കൊണ്ട് വനിതാ മജിസ്‌ട്രേറ്റിനെ കുത്താന്‍ ശ്രമിച്ചു. മജിസ്ട്രേറ്റിന്റെ വീട്ടില്‍ രാത്രിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ. സ്വയം കുത്തി മുറിവേല്‍പ്പിച്ചു. ബഹളം കേട്ട് പുറത്തുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തിയാണ് കുട്ടിയെ കീഴ്പ്പെടുത്തിയത്. വാര്‍ത്ത കേട്ടിട്ട് വലിയ ഞെട്ടലൊന്നും തോന്നിയില്ല. കാരണം ഈ ഭരണത്തിനു കീഴേ കേരളത്തില്‍ വളര്‍ന്നു പന്തലിച്ച വികസനം ഉണ്ടായ ഒരേ ഒരു മേഖല ‘ ലഹരി മാഫിയ ‘ മാത്രമാണ് എന്നതുതന്നെയെന്നും അവര്‍ പറയുന്നു.
പുരോഗമനം ലഹരി മാഫിയയുടെ രൂപത്തില്‍ പടര്‍ന്നുപ്പന്തലിക്കുന്നതിന് ദിനംപ്രതി കേരളം സാക്ഷിയാകുന്നുണ്ട്. നവോത്ഥാനം പുകച്ചുരുളുകളായി യുവത്വങ്ങള്‍ക്ക് മേലെ പാറിപ്പടരുന്നുണ്ട് കാമ്പസുകളിലും എന്തിന് സ്‌കൂളുകളില്‍ പോലും. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ലഹരിക്കച്ചവടത്തില്‍ നന്നായി പിടിമുറുക്കിയിട്ടുണ്ട്.
കേരളത്തില്‍ ലഹരിയും കഞ്ചാവും ഒഴുകുന്നത് ഉന്നത ഇടപെടലുകളില്‍ കൂടിയാണ്. പൊളിറ്റിക്കല്‍ പിടിപ്പാടുള്ള ഒരു ബിഗ്‌ഷോട്ടിന്റെ പിന്തുണയില്ലാതെ, അതിനു ചുക്കാന്‍ പിടിക്കാന്‍ ഒരു വമ്പന്‍ ഇല്ലാതെ ഇത്രയും വലിയ ഡീലുകള്‍ ഇവിടെ നടക്കില്ല. അടുത്ത കാലത്തായി കേരളത്തില്‍ പിടിക്കുന്ന കഞ്ചാവ് കേസുകള്‍ നൂറു കിലോ മുതല്‍ മുകളിലേക്കുള്ള വന്‍ കേസുകള്‍ ആണ്. ഇതൊന്നും ഇവിടുത്തെ രാഷ്ട്രീയക്കാര്‍ കാണുന്നില്ല.
ലഹരിക്കേസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് എന്ത് ശിക്ഷയാണ് കേരളത്തില്‍ കൊടുക്കുന്നത്? ഒന്നുമില്ല. കുറച്ചു ദിവസം പിടിച്ചകത്തിട്ട് തിന്നു കൊഴുപ്പിച്ച ശേഷം വീണ്ടും പുറത്തേയ്ക്ക് വിടുന്നു. പിന്നീടും അവന്‍ അത് തന്നെ ചെയ്യുന്നു. ഒരേ സമയം ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തുകയും മറുപുറത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രസ്ഥാനമാണ് സി.പി.എം’.
കെഎസ്ആര്‍ടിസി ബസുകളില്‍ പിണറായി സഖാവിന്റെ പടം ഒട്ടിച്ചുകൊണ്ട് ലഹരിക്കെതിരെ അണിച്ചേരാന്‍ നിര്‍ദ്ദേശം. അതേ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ തന്നെ ബിവറേജസ് ഔട്ട്‌ലറ്റ് തുറന്നുകൊണ്ട് യഥേഷ്ടം പൈന്റ് വില്പന. എന്തൊരു ഇരട്ടത്താപ്പാണിത്. ഇവിടെ നടക്കുന്ന ക്രിമിനല്‍ ആക്ടിവിറ്റികളില്‍ ഭൂരിപക്ഷവും മദ്യലഹരിയിലോ കഞ്ചാവ് ലഹരിയിലോ മയക്കുമരുന്ന് ഉപയോഗമോ കൊണ്ടുണ്ടാവുന്ന ക്രൈമുകളാണ്. ലഹരി വില്ലനാവുന്ന സമൂഹത്തില്‍ പക്ഷേ അതിന് തടയിടാന്‍ ഭരിക്കുന്നവര്‍ മിനക്കെടില്ല. കാരണം നമ്മുടെ മുഖ്യ വരുമാനം മദ്യത്തിലാണല്ലോ. പിന്നെ ഉന്നതന്മാര്‍ തൊട്ട് ലോക്കല്‍ സെക്രട്ടറിക്ക് വരെ ലഹരിക്കടത്തിലുള്ള ഇടപാട്.
നര്‍കോട്ടിക്‌സ് ഈസ് എ ഡര്‍ട്ടി ബിസിനസ്സ് എന്ന കേവലം ഒരു സിനിമാഡയലോഗിനപ്പുറം ആ വാചകങ്ങള്‍ക്ക് പറയാന്‍ ഉള്ളത് പുകചുരുളുകള്‍ക്കിടയില്‍ ജീവിതം കുരുങ്ങിപ്പോയ ഒരുപാട് മനുഷ്യരുടെ ചോരയും നീരും ഊറ്റിയെടുത്ത വൃത്തിക്കെട്ട കച്ചവടതാല്പര്യങ്ങളെ കുറിച്ചും മാഫിയാ ഇടപാടുകളെ കുറിച്ചുമാണ്. ഭരണത്തിന്റെയും പാര്‍ട്ടിയുടെയും അധികാര ഗര്‍വ്വിന്റെ വെള്ളിക്കരണ്ടിയുമായി ജനിച്ച, ആ ധാര്‍ഷ്ട്യത്തിന്റെ ബലത്തില്‍ കോടികള്‍ സമ്പാദിച്ചു പട്ടുമെത്തയില്‍ ഉറങ്ങിശീലിച്ച ആര്‍ക്കും തന്നെ കേരളം ഒരു മിനി മെക്‌സിക്കോ ആയി തീരുന്നതിനെ കുറിച്ച് ഒന്നും പറയാനുണ്ടാവില്ല. ഒരിക്കലും പറയുകയും ഇല്ല എന്നും അഞ്ജു പറയുന്നു.
Post Your Comments