അയിരൂർ: വയോധികയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി കുടുംബം. മരുമകൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ റഹീന പരാതി നൽകിയിട്ടും അയിരൂർ പോലീസ് നടപടിയെടുത്തിരുന്നില്ലെന്നാണ് പരാതി. റഹീനയുടെ മകളും നൈസാമും തമ്മിലുള്ള വിവാഹമോചനത്തിനായി കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
മരുമകൻ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വർക്കല ഇടവ സ്വദേശി റഹീന അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല. നൈസാം പലതവണ വീട്ടിൽ വന്ന് അക്രമം ഉണ്ടാക്കിയിട്ടും പോലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് സ്റ്റേഷനിൽ നിന്നും നീതി കിട്ടിയില്ല എന്നാണ് റഹീനയുടെ പരാതി.
ഡിജിപി ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞതിനു ശേഷം ഒരു പോലീസ് വന്ന് മൊഴിയെടുത്തു. അല്ലാതെ മറ്റൊരു പുരോഗമനവും കേസിൽ ഉണ്ടായിട്ടില്ല. പ്രഥമ ദൃഷ്ടിയിൽ കൊലപാതക ശ്രമത്തിന് കേസ് എടുക്കേണ്ട സംഭവത്തിലാണ് അയിരൂർ പോലീസ് കേസ് പോലും രജിസ്റ്റർ ചെയ്യാത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നൈസാം തന്റെ മകളെ കാണണമെന്ന ആവശ്യവുമായി റഹീനയുടെ വീട്ടിലെത്തിയത്. കുട്ടിയെ കണ്ടതിനുശേഷം മടങ്ങിപ്പോയ നൈസാം കാർ ഓടിച്ചു കൊണ്ടുവന്ന് ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന റഹീനയുടെ ദേഹത്തേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ റഹീനയുടെ കൈ ഒടിയുകയും തലയ്‌ക്കും ദേഹത്തും പരിക്കേൽക്കുകയും ചെയ്തു.
Post Your Comments