
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ വൈദ്യപരിശോധനക്കെത്തിച്ചയാള്‍ കുത്തിക്കൊന്ന സംഭവത്തില്‍ ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന തരത്തിൽ പ്രതികരണം അറിയിച്ച ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനം. ആരോഗ്യ മന്ത്രിക്കെതിരെ മെഡിക്കൽ വിദ്യാർത്ഥി സംഘടനയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്ന് സതീശന്‍ പറഞ്ഞു.
സംഭവത്തിൽ ആരോഗ്യ മന്ത്രി മാപ്പ് പറയണമെന്ന് മെഡിക്കൽ വിദ്യാർത്ഥികൾ. യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുമ്പിൽ കുത്തിയിരുന്ന് സമരം ചെയ്യുകയാണ്. തങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് നമ്പർ വൺ എന്ന ബോർഡ്. സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.
തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മന്ത്രി വാദിച്ചു. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ് എന്ന് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണമെന്ന് വീണ ജോർജ് പറഞ്ഞു. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത് എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം.
‘പോലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പോലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ മോള്‍ ഒരു ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്സ്പീരിയന്‍സഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം’, എന്നായിരുന്നു വീണ ജോർജ് പറഞ്ഞത്.
Post Your Comments