ആഭ്യന്തര കലാപം നിലനിൽക്കുന്ന മണിപ്പൂരിൽ നിന്ന് 27 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു. നോർക്ക റൂട്ട്സിന്റെ സഹായത്തോടെ രണ്ട് വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെ നാട്ടിലേക്ക് എത്തിച്ചത്. ഇംഫാലിൽ നിന്ന് വിമാനമാർഗ്ഗം ബെംഗളൂരുവിലും, തുടർന്ന് ബസിലുമാണ് വിദ്യാർത്ഥികളെ എത്തിച്ചത്. 27 പേരിൽ 9 മലയാളി വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇവർ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ്.
വിമാന ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നോർക്ക റൂട്ട്സാണ് വഹിച്ചിട്ടുള്ളത്. നോർക്ക റൂട്ട്സിന്റെ ആസ്ഥാനത്തിന് പുറമേ, ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, എൻആർഎ ഡെവലപ്മെന്റ് ഓഫീസുകളിൽ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായുളള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മണിപ്പൂരിലെ പ്രശ്ന ബാധിത മേഖലയിലുള്ള മലയാളികൾക്ക് നോർക്ക റൂട്ട്സിന്റെ ഗ്ലോബൽ കോൺടാക്ട് സെന്റർ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്. മെയ് 3 മുതലാണ് മണിപ്പൂരിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ നിരവധി പേർ മരിക്കുകയും, ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments