തൃശൂര്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യവുമായി വധു. താലികെട്ട് കഴിഞ്ഞ് എത്തിയ വധു ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ വീട് കണ്ടതോടെ വീട്ടില്‍ കയറാതെ തിരിഞ്ഞോടുകയായിരുന്നു. ഉടന്‍ ബന്ധം വേര്‍പ്പെടുത്തണമെന്ന ആവശ്യവും വധു ഉന്നയിച്ചു. തൃശൂര്‍ കുന്നംകുളത്താണ് സംഭവം നടന്നത്.
വീട് ഇഷ്ടമല്ലാതായതോടെ തനിക്ക് വിവാഹ മോചനം വേണമെന്ന നിലപാടില്‍ ഉറച്ചു നിന്നു പെണ്‍കുട്ടി. ഇതോടെ, ഈ സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയെങ്കിലും പൊലീസ് ഇടപെടുകയായിരുന്നു. കുന്നംകുളത്താണ് വരന്റെ വീടിന്റെ ശോചനീയാവസ്ഥ വിവാഹം മുടങ്ങാന്‍ കാരണമായത്. വരന്റെ വീട് കണ്ടെതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധം പിടിച്ചത്. സംഭവം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും വഴിയൊരുക്കി.
ഇതിനിടെ, വധുവിനോട് വീട്ടിലേയ്ക്ക് കയറാനും ചടങ്ങ് തീര്‍ക്കാനും ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും വധു തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ദിവസ വേതനക്കാരനാണ് വരന്‍. അഞ്ച് സെന്റ് ഭൂമിയിലാണ് വീട്. ഓടും ഓലയും കുറേ ഭാഗങ്ങള്‍ ഷീറ്റും ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചത്. ഒരു പെണ്‍കുട്ടിക്കു വേണ്ട മിനിമം സ്വകാര്യത പോലും വീട്ടില്‍ ലഭിക്കില്ലെന്ന് വധു വ്യക്തമാക്കി. ഇതോടെ ബന്ധുക്കള്‍ ആശങ്കയിലായി.
തീരുമാനത്തില്‍ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിവാഹ മണ്ഡപത്തില്‍ നിന്നു വിളിച്ചു വരുത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ അവരും മകളോട് ആവശ്യപ്പെട്ടു. യുവതി സമ്മതിച്ചില്ല. അതിനിടെ വധുവും വരനും പരസ്പരം തള്ളി പറയുകയും ചെയ്തതോടെ പ്രശ്നം ഇരു വിഭങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവച്ചു. പ്രശ്നം കൈവിട്ടതോടെ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസും വീട്ടില്‍ കയറാന്‍ വധുവിനോട് ആവശ്യപ്പെട്ടെങ്കിലും യുവതി ചെവിക്കൊണ്ടില്ല. പൊലീസുകാര്‍ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു.
Post Your Comments