താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം ധന സഹായം പ്രഖ്യാപിച്ച സർക്കാർ ആകെ പത്തു ലക്ഷം രൂപ മുടക്കിയിരുന്നെങ്കിൽ ഈ അപകടം തന്നെ ഉണ്ടാകാതെ നോക്കാമായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ശ്രീജിത്ത് പണിക്കരുടെ വിമർശനം.
കുറിപ്പ്
ഇതുവരെ ഉയർന്നുകേട്ട ആക്ഷേപങ്ങൾ:
1. മത്സ്യബന്ധന ബോട്ടിനെ അശാസ്ത്രീയമായി പരിഷ്കരിച്ചു.
2. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായില്ല.
3. യോഗ്യതയില്ലാഞ്ഞിട്ടും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു.
4. താങ്ങാവുന്നതിന്റെ ഇരട്ടിയോളം യാത്രക്കാരെ കയറ്റി.
5. ആവശ്യമായ എണ്ണം ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നില്ല.
6. മുകൾത്തട്ടിൽ അനുവദനീയമല്ലാത്ത രീതിയിൽ യാത്രക്കാരെ കയറാൻ അനുവദിച്ചു.
7. രക്ഷാപ്രവർത്തനത്തിനുള്ള സൗകര്യങ്ങൾ പര്യാപ്തമായിരുന്നില്ല.
8. പരാതികളൊന്നും അധികാരികൾ ശ്രദ്ധിച്ചില്ല.
9. അനുവദിക്കപ്പെട്ട സമയത്തിനു ശേഷം സർവീസ് നടത്തി.
10. ഉന്നതരുമായുള്ള ബന്ധം മറയാക്കി.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ആകെ പത്തു ലക്ഷം രൂപ മുടക്കിയിരുന്നെങ്കിൽ ഈ അപകടം തന്നെ ഉണ്ടാകാതെ നോക്കാമായിരുന്നു എന്നാരും ഓർക്കില്ല.
ഇനി അടുത്ത ദിവസങ്ങളിലായി ഉദ്യോഗസ്ഥരുടെ വക സംസ്ഥാനമാകെ ബോട്ടുവേട്ട, ഫിറ്റ്നസ് പരിശോധന, ലൈസൻസ് റദ്ദാക്കൽ ഇത്യാദി കലാപരിപാടികൾ ആഘോഷപൂർവം അരങ്ങേറും. മിന്നൽ മന്ത്രിമാർ റെയ്ഡ് നടത്തി മിന്നൽ മുരളിമാർ ആകും. മോഡിഫൈ ചെയ്ത ബോട്ടുകൾ പിടിക്കപ്പെടും. ബോട്ടപകടങ്ങൾ പഠിക്കാൻ കമ്മീഷനുകൾ വരും. അവസാനം ജലയാത്രാ സുരക്ഷയ്ക്കായി എഐ ക്യാമറകൾ സ്ഥാപിക്കാൻ കായൽ-ട്രോണിനും കടൽ-ട്രോണിനും കോടികൾ അനുവദിക്കും. ഫ്ലക്സ് അടിച്ച് അർമാദിക്കും. മലയാളി പൊളിയല്ലേ എന്ന് അണികൾ വിളിച്ചുകൂവും. രാജ്യത്താദ്യം, മാതൃകാപരം. നമ്പർ വൺ. ജീവനും പണവും വെള്ളത്തിൽ. പ്രഖ്യാപനങ്ങൾ വെള്ളത്തിലെ വരയും. വീണ്ടും ശങ്കരൻ തെങ്ങിൽ കയറും. അടുത്ത അപകടം വരെ എല്ലാം ശുഭം. ഗോ ടു യുവർ ക്ലാസ്സസ്.
Post Your Comments