KeralaLatest NewsNews

കനകക്കുന്നും തകർക്കുന്നു: പിന്നിൽ ഊരാളുങ്കൽ നിർമ്മാണക്കമ്പനിയെന്ന് യുവമോർച്ച സംസ്ഥാന മീഡിയ സെൽ

തിരുവനന്തപുരം: നഗരത്തിന്റെ പൈതൃക മേഖലയായ കനകക്കുന്നിനെ നൈറ്റ് ലൈഫ് മേഖല ആക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഈ മേഖലയെ തകർക്കുന്നുവെന്ന് യുവമോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ ദീപക് മുരുകേശന്‍.

കൊട്ടാര പരിസരത്തെ മരങ്ങൾ മുറിച്ചും ജെസിബികൾ ഉപയോഗിച്ച് ആഴത്തിൽ കേബിൾ കുഴികളെടുത്ത് പുൽത്തകിടിയും ഉദ്യാന സസ്യങ്ങളും വൃക്ഷ വേരുകളും മുറിച്ചു മാറ്റിയുമാണ് നിർമ്മാണം പുരോഗമിക്കുന്നത്. വൃക്ഷങ്ങൾക്കിടയിൽ കോൺക്രീറ്റ് നിർമ്മാണവും രാപകൽ നടക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

2 കോടിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ മൈതാനമാക്കി കനകക്കുന്നിനെ മാറ്റുന്ന ക്യുആർ കോഡ് ചെയ്ത വൃക്ഷങ്ങളെ നശിപ്പിക്കുന്ന നിർമ്മാണമാണ് നടക്കുന്നത്. രാത്രിയെ പകലാക്കുന്ന നൈറ്റ് ലൈഫ് നിർമ്മിതികൾ ഈ പൈതൃക മേഖലയിലെ പക്ഷികളെയും ശലഭങ്ങളെയും ഇവിടെ നിന്നും എന്നേക്കുമായി അകറ്റും. നഗരത്തിന് തണലും ശാന്തിയും നൽകിയ ഇടം തിരക്കിന്റെയും ലഹരിയുടേയും ആരവങ്ങളിലേക്ക് എത്തിക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും ദീപക് മുരുകേശന്‍ ആരോപിച്ചു. പൈതൃകമേഖലകളുടെ സംരക്ഷണ മാനദണ്ഡങ്ങൾ മറി കടന്നും നിർമ്മാണ വിവരങ്ങളും രീതികളും മറച്ചുവെച്ചുമാണ് പണി പുരോഗമിക്കുന്നത്.

പണി ഉടൻ നിർത്തിവയ്ക്കണം. നടത്തിയ നിർമ്മാണങ്ങൾക്കും അനുബന്ധ നാശങ്ങൾക്കും പരിഹാരം വേണം. കനകക്കുന്നിനെ വാണിജ്യ കേന്ദ്രവും ലഹരി വിപണനകേന്ദ്രവുമാക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button