മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് അറിയാൻ വൈകിയതാണ് ആശങ്ക പരത്തിയത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
ബന്ധുക്കൾ തന്നെ ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്.
ഇതോടെ ഇനി അപകടത്തിൽ പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് കരുതുന്നത്. ആരെയും കണ്ടെത്താനുള്ളതായി ഇപ്പോൾ പരാതി വന്നിട്ടില്ല. ഈ സാഹചര്യത്തിൽ സേന തിരച്ചിൽ അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം ഉടൻ പുറത്തുവിടും.
Post Your Comments