തിരുവണ്ണാമല: തിരുവണ്ണാമലയിൽ നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഹരിയാന സ്വദേശി ആസിഫ് ജാവേദാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം തോക്കു ചൂണ്ടി കീഴ്പ്പെടുത്തുകയായിരുന്നു.
കേസിൽ ഇതുവരെ ഒൻപത് പേർ അറസ്റ്റിലായി. ഫെബ്രുവരി 12നാണ് തിരുവണ്ണാമല നഗരത്തിലെ നാല് എടിഎമ്മുകളിൽ ഒരേ സമയം കവർച്ച നടന്നത്. 72,79,000 രൂപയാണ് നഷ്ടപ്പെട്ടത്. കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഒൻപത് സംഘങ്ങൾ രൂപീകരിച്ചു.
ബംഗളൂരുവിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമായി എട്ടുപേരെ ഇതുവരെ അറസ്റ്റു ചെയ്തിരുന്നു. മുഖ്യപ്രതി ആസിഫ് ജാവേദിനായുള്ള അന്വേഷണം തുടർന്ന പൊലീസ് ഇയാൾ ഹരിയാനയിലെ ആരവല്ലി മലനിരകളിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി.
തിരുവണ്ണാമല പൊലിസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, ഒരാഴ്ചയായി സ്ഥലത്ത് ക്യാമ്പ് ചെയ്ത ശേഷമാണ് ഇയാളെ പിടികൂടിയത്. വീട്ടിൽ നിന്നും പുറത്തുവരാൻ തയ്യാറാകാതിരുന്ന ആസിഫിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. വീടിൻ്റെ വാതിൽ തകർത്താണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും രണ്ട് കാറുകളും 15 ലക്ഷം രൂപയും കണ്ടെത്തി. കേസിൽ നേരത്തെ പിടിയിലായ എട്ടുപേരിൽ നിന്നും അഞ്ച് ലക്ഷം രൂപയും ഒരു കാറും കണ്ടെയ്നർ ലോറിയും പൊലീസ് പിടിച്ചെടുത്തിരുന്നു.
Post Your Comments