സംസ്ഥാനത്ത് വൈദ്യുതി നിരക്കിനോടൊപ്പം സർചാർജ് ഈടാക്കാനൊരുങ്ങി കെഎസ്ഇബി. ഒരു യൂണിറ്റിന് 9 പൈസ നിരക്കിലാണ് സർചാർജ് ഈടാക്കുന്നത്. അതേസമയം, ആയിരം വാട്സ് വരെ കണ്ക്ടഡ് ലോഡ് ഉള്ളതും, പ്രതിമാസം 40 യൂണിറ്റ് താഴെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെയും സർച്ചാർജ് നൽകുന്നതിൽ നിന്ന് ഒഴിവാക്കിയതായി കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങുന്നതിന് വന്ന അധിക ചെലവാണ് വൈദ്യുതി നിരക്കിനൊപ്പം ഈടാക്കുന്നത്.
സർചാർജിന് ഈടാക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് 2023 ഫെബ്രുവരി 1 മുതൽ മെയ് 31 വരെ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിടുകയായിരുന്നു. ഇതോടെ, നാല് മാസത്തെ സർചാർജാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുക. വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബിക്ക് അധികം ചെലവായ 87.07 കോടി രൂപയാണ് തിരിച്ചുപിടിക്കാൻ പദ്ധതിയിടുന്നത്. 2022 ഏപ്രിൽ മുതൽ ജൂൺ വരെയാണ് കേരളത്തിന് വൈദ്യുതി വാങ്ങുന്നതിനായി അധിക തുക ചെലവഴിക്കേണ്ടി വന്നത്.
Post Your Comments