കരുനാഗപ്പള്ളി: സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കല്ലേലിഭാഗം, മുഴങ്ങോടിയിൽ, കാട്ടൂർ തെക്കതിൽ സജിലാലാണ് (33) പിടിയിലായത്. കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്.
അയണിവേലിക്കുളങ്ങര മീൻമുക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വിനീഷ്, ഇയാളുടെ ബന്ധുവായ സജിലാലിൽനിന്ന് ആറ് മാസം മുമ്പ് 10,000 രൂപ കടമായി വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാത്തതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്.
Read Also : പുൽവാമയിൽ ആറ് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെത്തി, ഒഴിവായത് വൻ ദുരന്തം
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെ പണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് വിനീഷ് വാടകക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് വിനീഷിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു. ഇത് കണ്ട് തടയാൻ ശ്രമിച്ച വിനീഷിന്റെ ഭാര്യ സഹോദരിയുടെ ഭർത്താവായ ഉണ്ണിക്കൃഷ്ണരാജിനേയും പ്രതി മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കുത്ത് കൊണ്ട് ആന്തരികാവയവങ്ങൾ പുറത്ത് വന്ന് അത്യാസന്ന നിലയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, ഉണ്ണിക്കൃഷ്ണ രാജിന്റെ ഭാര്യയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തി കരുനാഗപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments